കോമ്പാറ ആനീസ് വധത്തിന് ഏഴുമാസം; തെളിവില്ലാതെ പൊലീസ്
text_fieldsഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ പരേതനായ പോള്സെൻറ ഭാര്യ ആനീസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് ഏഴു മാസമായിട്ടും പ്രതിയെപ്പറ്റി സൂചന പോലുമില്ലാതെ പൊലീസ്.
കൊലപാതകം നടന്ന വീട്ടില്‍ ആറുമാസമായി ക്യാമ്പ് ചെയ്താണ് പൊലീസ് സംഘം അന്വേഷണം നടത്തുന്നത്. വീടിെൻറ വൈദ്യുതി ബില്ലടക്കം ആനീസിെൻറ കുടുംബമാണ് അടയ്ക്കുന്നത്.
ആനീസിെൻറ മൂന്ന് പെണ്മക്കള് വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലാണ്. ഏക മകനും കുടുംബവും ഇംഗ്ലണ്ടിലാണ്. പ്രതിയെ പിടികൂടാത്തതില്‍ അസംതൃപ്തിയുണ്ടെങ്കിലും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.
സംഭവത്തില്‍ തെളിവുകളൊന്നും അവശേഷിക്കാത്തതാണ് പൊലീസിനെ വലക്കുന്നത്. പ്രതിയുടെ വിരലടയാളംപോലും ലഭിച്ചില്ല. കേസില്‍ സംശയിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ ലോക്ഡൗണ്‍ മൂലം നാട്ടിലെത്തിക്കാനും കഴിഞ്ഞിട്ടില്ല.
ഡി.എന്‍.എ പരിശോധന ഫലങ്ങള്‍ കിട്ടിയിട്ടില്ല. കൊലക്ക് ഉപയോഗിച്ച കത്തി പൊതിഞ്ഞുകൊണ്ട് വന്നതെന്ന് കരുതുന്ന പത്രക്കടലാസ് മാത്രമാണ് ആകെയുള്ള തുമ്പ്. കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ നവംബര്‍ 14ന് വൈകീട്ട് ആറരയോടെയാണ് ആനീസിനെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അയല്‍വാസികളുടെ ശ്രദ്ധയിൽെപടാതെ കൊലയാളി എങ്ങനെ ഓടിമറഞ്ഞു എന്നത് ഇന്നും തീരാത്ത സംശയമായി തുടരുകയാണ്.
നാട്ടിലെ എല്ലാ സി.സി ടി.വി കാമറകളും പരതിയെങ്കിലും കാര്യമുണ്ടായില്ല. ആ സമയത്ത് പ്രദേശത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ആയിരക്കണക്കിന് മൊബൈല്‍ നമ്പറുകളാണ് പൊലീസ് പരിശോധിച്ചത്. വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം തെളിയിക്കാന്‍ പൊലീസ് പാടുപെടുകയാണ്.
ആനീസിെൻറ കൈകളിലെ എട്ടു വളകൾ ഊരിയെടുക്കാന്‍ കഴിയാത്തതിനാൽ ആയുധം ഉപയോഗിച്ച് മുറിച്ചെടുത്തതാണെന്ന് പൊലീസ് ഊഹിക്കുന്നു. ആഭരണങ്ങള്‍ ഉന്നമിട്ട കൊലയാളിയാണെങ്കില്‍ കഴുത്തിലെ ആറു പവെൻറ മാലയും കമ്മലോ മോതിരങ്ങളോ തട്ടിയെടുത്തിട്ടില്ല.
ആനീസിനെ മനഃപൂര്‍വം വകവരുത്തണമെന്ന് ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സ്വര്‍ണവളകള്‍ അപഹരിച്ചതാകാമെന്ന് സംശയിക്കുന്നു.
സ്വര്‍ണാഭരണങ്ങള്‍ തിടുക്കത്തില്‍ വില്ക്കാന് കൊലയാളി ശ്രമിച്ചതായും സൂചനയില്ല. ഭര്‍ത്താവിെൻറ മരണശേഷം ഒറ്റക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടുകിടക്കാന്‍ എത്തിയ അയല്‍വാസിയായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവദിവസം കര്‍ട്ടണുകള്‍ വില്പന നടത്താന്‍ എത്തിയ രണ്ടുപേരൊഴികെ ആരെയും സംശയകരമായ രീതിയില്‍ പരിസരവാസികള്‍ കണ്ടിട്ടില്ല.
കര്‍ട്ടണുകള്‍ വില്പന നടത്താനെത്തിയവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങളുടെ ആസൂത്രണം കൃത്യത്തിന് പിറകിലുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
കൊലക്കു പിറകില്‍ മോഷണമാണ് എന്ന നിഗമനത്തിലും ചെയ്ത രീതിയനുസരിച്ചും ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്ന അന്തർ സംസ്ഥാനക്കാരായ തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്ന അന്വേഷണം. എന്നാല്‍, പ്രതിയെയോ പ്രതിയിലേക്ക് എത്താന്‍ കഴിയുന്ന തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ല.
അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.