വീട്ടുടമ ഇറക്കിവിട്ട വയോദമ്പതികൾക്ക് കൊരട്ടി പഞ്ചായത്ത് താങ്ങായി
text_fieldsകൊരട്ടി: വാടക കൊടുക്കാൻ പണമില്ലാത്തതിനാൽ കെട്ടിട ഉടമ ഇറക്കിവിട്ട വയോദമ്പതികൾക്ക് കൊരട്ടി പഞ്ചായത്ത് തലചായ്ക്കാൻ ഇടം നൽകി. കൊരട്ടി സ്വദേശികളായ ജോർജ്, മേരി ദമ്പതികളെയാണ് കഴിഞ്ഞദിവസം വീട്ടുടമ ഇറക്കിവിട്ടത്.
ദേവമാത മുറിപ്പറമ്പ് ഭാഗത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന ഇവരോട് ഇറങ്ങിപ്പോകാൻ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു വാടകവീട് കിട്ടിയാൽ ഉടൻ ഒഴിയാമെന്ന് പറഞ്ഞെങ്കിലും വീട്ടുടമ വിട്ടുവീഴ്ചക്ക് തയാറായില്ല. ഉടമ അക്ഷമനായി ഇവരുടെ വീട്ടുസാധനങ്ങൾ പുറത്ത് കൂട്ടിയിട്ടു. ഇതോടെ ഇവർ പെരുവഴിയിലാവുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ പ്രശ്നത്തിൽ പഞ്ചായത്ത് ഇടപെട്ടത്. ഇവർക്ക് പഞ്ചായത്ത് അംഗങ്ങൾ മുൻകൈയെടുത്ത് ചാലക്കുടിയിൽ വാടക വീടൊരുക്കി. ഇതിന് പ്രതിമാസം 1500 രൂപ വീതം നൽകാമെന്ന് അംഗങ്ങൾ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകാമെന്ന് ഏറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.