അവഗണനയുടെ ട്രാക്കിൽ കൊരട്ടി റെയിൽവേ സ്റ്റേഷൻ
text_fieldsകൊരട്ടി: കൊരട്ടിയങ്ങാടി റെയിൽവേസ്റ്റേഷനോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തം. ഞായറാഴ്ച കൊരട്ടിയിൽ നടന്ന സർവകക്ഷിയോഗം ഇതിനെതിരെ കർമപരിപാടികൾ ആസൂത്രണം ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ഫ്ലാഗ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഇവിടം ഇപ്പോൾ ഹാൾട്ട് സ്റ്റേഷൻ മാത്രമാണ്. പ്രദേശത്തെ ജനകീയ സമിതി ഏറ്റെടുത്താണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇല്ലാതായതോടെ യാത്രക്കാർ ദുരിതത്തിലാണ്.
എറണാകുളം, തൃശൂർ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥരടക്കം നാലുകെട്ട്, തിരുമുടിക്കുന്ന്, ചിറങ്ങര, മാമ്പ്ര, അന്നമനട, കാടുകുറ്റി പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരാണ് കൊരട്ടിയങ്ങാടി റയിൽവേ സ്റ്റേഷനെ ആശ്രയിച്ചിരുന്നത്. കോട്ടയം - നിലമ്പൂർ, പുനലൂർ- ഗുരുവായൂർ തീവണ്ടികളുടെയെങ്കിലും സ്റ്റോപ്പുകൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഇവയുടെ സമയം ജോലിക്കാർക്ക് അനുകൂലമായിരുന്നു. പാസഞ്ചറിന് എക്സ്പ്രസ് ടിക്കറ്റ് നിരക്ക് നൽകേണ്ടി വന്നതും യാത്രക്കാർക്ക് പ്രഹരമായി. നിർത്തലാക്കിയ തീവണ്ടികൾക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കുക, ഫ്ലാഗ് സ്റ്റേഷനായി ഉയർത്തുക, പ്ലാറ്റ് ഫോറം വികസിപ്പിച്ച് ഷെൽട്ടർ നിർമ്മാണം നടത്തുക, ടിക്കറ്റ് കൗണ്ടർ കംപ്യൂട്ടർവത്കരിക്കുക തുടങ്ങിയവയാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.