കൊരട്ടിച്ചാൽ പദ്ധതി; രണ്ടാംഘട്ടത്തിന് കാത്തിരിപ്പ്
text_fieldsകൊരട്ടി: കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ കർഷകരടക്കമുള്ളവർക്ക് ഗുണം ചെയ്യുന്ന കൊരട്ടിച്ചാൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കാത്തതിൽ പ്രതിഷേധം.
വെള്ളം കെട്ടിനിർത്താനുള്ള തടയണയുടെ ഭാഗത്തെ സർവേ നടപടികൾ ആരംഭിക്കാത്തതാണ് പദ്ധതിക്ക് പ്രതിബന്ധമായി നിൽക്കുന്നത്. പ്രദേശത്തെ ഏതാനും ചിലരുടെ എതിർപ്പാണ് ഇതിന് കാരണം. ഈ മേഖലയിൽ കൈയേറ്റവും പുറമ്പോക്കുഭൂമിയുമുണ്ട്. ഇത് കണ്ടെത്താതെ പദ്ധതി ആരംഭിക്കാനാവില്ല.
എന്നാൽ, ഇക്കാര്യത്തിൽ അധികാരികൾ അനാസ്ഥ പുലർത്തുകയാണ്. സർവേ നടപടി ആരംഭിക്കാൻ ആവശ്യപ്പെട്ട് കാടുകുറ്റി പഞ്ചായത്ത് രണ്ടാഴ്ച മുമ്പ് അധികാരികൾക്ക് കത്തയച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ തടയണ നിർമിച്ചാൽ മാത്രമേ ഇപ്പോൾ ഒരു പൂമാത്രം ഇറക്കുന്ന പാടശേഖരങ്ങളിൽ രണ്ടു പൂ കൃഷിയിറക്കാനാവൂ.
മഴക്കാലത്ത് വെള്ളക്കെട്ടുമൂലവും വേനലിൽ വരൾച്ചമൂലവും നെൽകൃഷി ചെയ്യാൻ ബുദ്ധിമുട്ടേറെയുണ്ട്. പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന കൊരട്ടിച്ചാലിന്റെ സംരക്ഷണഭിത്തി തകർന്ന് വയലുകളിലേക്ക് വെള്ളം കനത്ത തോതിൽ കയറും. എന്നാൽ, ഒഴുകിപ്പോകുന്ന വെള്ളം തടയണയിൽ ശേഖരിച്ചാൽ വേനലിൽ കൃഷി നടത്താം. കൊരട്ടിച്ചാൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 2.90 കോടി രൂപയോളം അനുവദിച്ചിരുന്നു.
ടെൻഡർ നടപടികളും പൂർത്തിയായിരുന്നു. തടയണ വൈകുന്നതിനൊപ്പം ഭൂമി അളന്ന് തോടിന്റെ വിസ്തൃതി തിട്ടപ്പെടുത്തുന്നതും തടസ്സപ്പെട്ടു കിടക്കുകയാണ്. അധികാരികൾ ഈ പദ്ധതിയെ അവഗണിക്കുകയാണെന്ന് ചാത്തൻചാൽ പദ്ധതി മോണിറ്ററിങ് കമ്മിറ്റി കൺവീനർ ജനത പൗലോസ് ആരോപിച്ചു.
സമീപത്തെ ചാത്തൻചാൽ പദ്ധതിയുടെ പ്രവൃത്തി വീണ്ടും ആരംഭിച്ച സാഹചര്യത്തിൽ ഈ പദ്ധതി പുനരാരംഭിക്കാൻ നടപടി വേണം. കൃഷിക്ക് മാത്രമല്ല, വേനലിൽ മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിനും പദ്ധതി വഴി പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.