കെ.പി.സി.സി ഭാരവാഹിപ്പട്ടിക: തൃശൂർ ജില്ലയിൽ എ ഗ്രൂപ്പിന് നഷ്ടം
text_fieldsതൃശൂർ: കാത്തിരിപ്പിനൊടുവിൽ കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ എ ഗ്രൂപ്പിന് നഷ്ടം. ഒരു ജനറൽ സെക്രട്ടറിയും രണ്ട് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ് ജില്ലയിൽനിന്ന് ഉൾപ്പെട്ടത്.
ഐ ഗ്രൂപ്പിൽനിന്ന് ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണനാണ് പരിഗണിക്കപ്പെട്ടത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാലിനെയും മുൻ എം.എൽ.എ അനിൽ അക്കരയെയും ഉൾപ്പെടുത്തി. അനിൽ അക്കരയാവട്ടെ എ ഗ്രൂപ്പിെൻറയല്ല, പി.ടി. തോമസുമായുള്ള അനുഭാവത്തിലാണ് പട്ടികയിൽ ഉൾപ്പെടുന്നത്. എ ഗ്രൂപ്പിന് കനത്ത നഷ്ടമാണ് സംഭവിച്ചത്. ജില്ല പ്രസിഡൻറിനൊപ്പം ജനറൽ സെക്രട്ടറിയും നിർവാഹക സമിതിയിൽ പത്മജയും ഉൾപ്പെട്ടതോടെ ഐ ഗ്രൂപ്പിനാണ് മേൽക്കൈ. അതേസമയം കെ.പി.സി.സി സെക്രട്ടറി പട്ടിക വരുമ്പോൾ എ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യമുണ്ടാവുമെന്നാണ് നേതാക്കൾ പറയുന്നത്. ജംബോ പട്ടിക ചുരുക്കിയപ്പോൾ ജില്ലയിൽനിന്നുള്ള പ്രാതിനിധ്യവും വൻതോതിൽ കുറഞ്ഞു.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണെൻറ കാലം മുതൽ കൈവശംവെച്ചിരുന്ന കെ.പി.സി.സി ട്രഷറർ സ്ഥാനം കഴിഞ്ഞ തവണ കെ.കെ. കൊച്ചുമുഹമ്മദിലൂടെ നിലനിർത്തിയിരുന്നെങ്കിലും പുനഃസംഘടനയിൽ ഇത് നഷ്ടമായി. അഡ്വ. പ്രതാപ ചന്ദ്രനാണ് പുതിയ കെ.പി.സി.സി ട്രഷറർ. അഞ്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുണ്ടായിരുന്നതാണ് ഇപ്പോൾ ഒരാളിൽ മാത്രമായി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവും പരാതിയും ഉന്നയിച്ചയാളാണ് പത്മജ വേണുഗോപാൽ. ഇതുസംബന്ധിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെയും നിയോഗിച്ചിരിക്കുകയാണ്.
ദേശീയ രാഷ്ട്രീയത്തിൽ പോലും ഏറെ ഒച്ചപ്പാടുണ്ടാക്കിയ ലൈഫ് മിഷൻ വിവാദത്തിന് തിരി കൊളുത്തിയയാളാണ് അനിൽ അക്കര. 2016ൽ 43 വോട്ടിനാണ് വടക്കാഞ്ചേരിയിൽ അനിൽ അക്കര വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും സി.പി.എമ്മിനെയും ഏറെ വലച്ച ആരോപണത്തിൽ മണ്ഡലത്തിൽ രണ്ടാമത് ജനവിധി തേടി മത്സരിച്ച അനിൽ അക്കരയുടെ തോൽവി 15,168 വോട്ടിനായിരുന്നു. കെ.പി.സി.സി ഭാരവാഹിയായുള്ള തിരിച്ചുവരവ് അനിൽ അക്കരക്ക് ഊർജം പകരും. കെ.പി.സി.സി സെക്രട്ടറി പട്ടികയിൽ എ ഗ്രൂപ്പിൽനിന്ന് ജോൺ ഡാനിയേൽ, ജോസഫ് ടാജറ്റ് എന്നിവരും ഐ ഗ്രൂപ്പിൽനിന്ന് എ. പ്രസാദ്, സുനിൽ അന്തിക്കാട് എന്നിങ്ങനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഭാരവാഹികളുടെ എണ്ണം കുറക്കുന്ന സാഹചര്യത്തിൽ രണ്ടോ മൂന്നോ പേരെ മാത്രമേ പരിഗണിക്കാൻ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.