കെ.പി.സി.സി സെക്രട്ടറി: പഴയ മുഖങ്ങൾതന്നെ
text_fieldsതൃശൂർ: തർക്കത്തെ തുടർന്ന് പുനഃസംഘടന വൈകിയതോടെ പഴയ കെ.പി.സി.സി സെക്രട്ടറിമാരെ തന്നെ നിലനിറുത്തി പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പുതുമുഖങ്ങൾക്ക് അവസരമില്ലാതായി. നിലവിൽ സെക്രട്ടറിമാരായിരുന്ന ജോൺ ഡാനിയൽ, സി.സി. ശ്രീകുമാർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, എ. പ്രസാദ്, കെ.ബി. ശശികുമാർ എന്നിവരെയാണ് വീണ്ടും നിയമിച്ചതായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉത്തരവ് പുറപ്പെടുവിച്ചത്. 77 അംഗ സെക്രട്ടറിമാരുടെ പട്ടികയാണ് പുറത്ത് വിട്ടത്.
ജില്ലയിൽനിന്ന് നേരത്തെ ഇടം നേടിയിരുന്ന സംഘടന ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, എം.എൽ.എ ടി.ജെ. സനീഷ് കുമാർ ജോസഫ്, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ എന്നിവരെ ജില്ലയുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായിരുന്ന പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹിമാൻകുട്ടി, അനിൽ അക്കര എന്നിവർ ഈ പദവികളിൽ തന്നെ തുടരും. കെ.പി.സി.സി സെക്രട്ടറി പദവിയിൽ പുതുമുഖങ്ങൾക്ക് അവസരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നിരവധി പ്രവർത്തകർ സമീപകാലത്ത് സജീവമായി സംഘടന രംഗത്തുണ്ടായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനി പുനഃസംഘടനയുടെ പേരിൽ തർക്കവുമായി നിൽക്കാനാവില്ലെന്നതും തെരഞ്ഞെടുപ്പ് ചുമതലകൾ കൈമാറേണ്ടതിനാലുമാണ് മാറ്റങ്ങളൊന്നുമില്ലാതെ പഴയ ആളുകളെ നിയമിച്ചതെന്നാണ് പറയുന്നത്. മണ്ഡലം ഭാരവാഹികളുടെ നിയമനം തന്നെ മൂന്നും നാലും തവണ വെട്ടിയും തിരുത്തിയുമാണ് അവസാനിപ്പിച്ചത്. അതേസമയം, കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന വിവാദ പലിശയിടപാടുകാരനുമായി ബന്ധമുള്ളയാളെയും നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പദവിയിലുള്ളയാളെയും കെ.പി.സി.സി സെക്രട്ടറി പദവികളിൽ നിലനിർത്തിയതിൽ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.