നവീകരണം യാഥാർഥ്യമാകാതെ കെ.എസ്.ആർ.ടി.സി മാള ഡിപ്പോ
text_fieldsമാള: കെ.എസ്.ആർ.ടി.സി മാള ഡിപ്പോ നവീകരണം യാഥാർഥ്യമായില്ല. ഡിപ്പോ യാഡ് മാസങ്ങളായി തകർന്ന് കിടക്കുകയാണ്. പ്രവേശനകവാടത്തിൽ വൻ കുഴി രൂപപ്പെട്ടിണ്ട്. ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. സ്റ്റേഷൻ ഉദ്യോഗസ്ഥൻ കളക്ഷൻ സ്വീകരിക്കുന്ന സംവിധാനം മാത്രമാണ് ഡിപ്പോയിൽ തുടരുന്നത്. പൊയ്യ പഞ്ചായത്തിന്റെ രണ്ട് ഏക്കർ സ്ഥലത്താണ് ഡിപ്പോ. നിലവിലുണ്ടായിരുന്ന ഒന്നര ഡസൻ ബസുകൾ എടപ്പാളിലെ ഗ്യാരേജിലേക്ക് കൊണ്ടുപോയിരുന്നു. ഇവ പൊളിക്കാനാണെന്നാണ് സൂചന.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ഇതേകുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പിന്നീട് നിയമസഭയിൽ അന്നത്തെ മന്ത്രി ആന്റണി രാജു ഈ ബസുകൾ തിരിച്ചു കൊടുക്കാമെന്ന് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. പിന്നീട് പക്ഷേ, നടപടി ഉണ്ടായില്ല.
നേരത്തേ 55 സർവിസുകൾ ഉണ്ടായിരുന്ന ഡിപ്പോയാണിത്. വേളാങ്കണ്ണി, സുൽത്താൻബത്തേരി, പൊന്നാനി, കുമളി, കോഴിക്കോട്, തിരുവനന്തപുരം അടക്കം ദീർഘദൂര സർവിസുകളും ഇതിൽ പെടും. സംസ്ഥാനത്തെ തന്നെ മികച്ച ഡിപ്പോകളിൽ ഒന്നായിരുന്നു മാള. കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് ശേഷിക്കുന്ന ദീർഘദൂര സർവിസുകൾ. നിലവിലെ 55 ൽ നിന്ന് സർവിസുകൾ 23 ആയി കുറച്ചു.
രണ്ട്സൂപ്പർ ഫാസ്റ്റുകളും ആറ് ഫാസ്റ്റ് പാസഞ്ചറുകളും ബാക്കി ഓർഡിനറി ബസുകളുമാണ് ഇപ്പാഴുള്ളത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അങ്കമാലി എന്നിവ കളക്ഷൻ ഉള്ള റൂട്ടുകളാണ്. ആലുവ-തൃശൂർ സർവിസുകളും കുറ്റമറ്റ നിലയിൽ നടത്തിവരുന്നുണ്ട്.
സർവിസുകൾ വർധിപ്പിക്കാൻ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. റദ്ദാക്കിയ ദീർഘ ദൂര സർവിസുകൾ തിരിച്ചുകൊണ്ടുവരികയും ഡിപ്പോയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്നുമുള്ള ആവശ്യവും ശക്തമാണ്. ഡിപ്പോയുടെ മുൻവശത്ത് കവാടവും വ്യാപാര സമുച്ചയവും നിർമിക്കണമെന്ന ആവശ്യവും ഉണ്ട്. ഇതിനിടെ, ഡിപ്പോ യാഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.