കെ.എസ്.യു പണാപഹരണ വിവാദം; വിശദീകരണം തേടി കെ.പി.സി.സിയും ഡി.സി.സിയും
text_fields
തൃശൂർ: അറസ്റ്റിലായ നേതാവിെൻറ നിയമനടപടികൾക്കെന്ന പേരിൽ ഡി.സി.സിയിൽനിന്ന് വാങ്ങിയ പണം നേതാവ് പോക്കറ്റിലാക്കിയെന്ന പരാതിയിൽ കെ.പി.സി.സിയും ഡി.സി.സിയും വിശദീകരണം തേടി. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വിഷയത്തിൽ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരിൽനിന്ന് വിവരങ്ങൾ തേടി. കെ.എസ്.യു നേതാക്കളോട് ഇതുസംബന്ധിച്ച് മറുപടി നൽകാൻ ഡി.സി.സി പ്രസിഡൻറും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജില്ല ജനറൽ സെക്രട്ടറിയുടെ നിയമനടപടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഡി.സി.സിയിൽനിന്ന് നൽകിയ പണം നേതാവ് ആവശ്യത്തിന് ഉപയോഗിക്കാതെ മാറ്റിയെന്നാണ് ജനറൽ സെക്രട്ടറി തന്നെ കെ.പി.സി.സിക്കും എൻ.എസ്.യു, കെ.എസ്.യു നേതൃത്വത്തിനും ഡി.സി.സി പ്രസിഡൻറിനും പരാതി നൽകിയത്.
പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട കേസിൽ തൃശൂർ കോടതിയിൽനിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു മറ്റൊരു വാറൻറ് കേസിൽ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു. അന്ന് ഭക്ഷണം വാങ്ങി നൽകാനും ജാമ്യമമെടുക്കാനും പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകാനുമായിട്ടായിരുന്നു കെ.എസ്.യു നേതാവിന് ഡി.സി.സി പണം നൽകിയത്. എന്നാൽ, ഇത് മറച്ചുവെച്ചു. കെ.എസ്.യുവിെൻറ മറ്റ് നേതാക്കൾ പണം സംഘടിപ്പിച്ച് ജാമ്യനടപടികൾ സജ്ജമാക്കി. നാലാം ദിവസമാണ് ജാമ്യം ലഭിച്ചത്. ഇവിടെ പ്രവർത്തകരെ വാഹനത്തിൽ എത്തിക്കാനും അറസ്റ്റിലായ നേതാവിന് പുതിയ വസ്ത്രങ്ങളും നേതാവിനെ പുറത്തിറക്കുന്നതിനെത്തിയ പ്രവർത്തകർക്കുള്ള ഭക്ഷച്ചെലവുമെല്ലാം പ്രവർത്തകർ സംഘടിപ്പിക്കുകയായിരുന്നുവത്രെ. ഡി.സി.സിയിൽനിന്നും പണം കൈപ്പറ്റിയ നേതാവാകട്ടെ അത് ഉപയോഗിച്ചില്ല. ചോദിച്ചപ്പോൾ മറ്റ് െചലവുകളുണ്ടായിരുന്നുവെന്ന് അറിയിച്ച് ഒഴിഞ്ഞു മാറിയെന്നും പറയുന്നു.
അറസ്റ്റിനെതിരെ പ്രതിഷേധക്കുറിപ്പ് ഇറക്കാനോ, പ്രവർത്തകരെ വെച്ച് പ്രതിഷേധം സംഘടിപ്പിക്കാനോ പോലും ജില്ല കമ്മിറ്റി ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, എൻ.എസ്.യു, കെ.എസ്.യു പ്രസിഡൻറുമാർ, ഡി.സി.സി പ്രസിഡൻറ് എന്നിവർക്കാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. അതേസമയം, പരാതി വാസ്തവവിരുദ്ധമാണെന്ന നിലപാടിലാണ് കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ. ഡി.സി.സിയിൽനിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും അറസ്റ്റിലായ ജനറൽ സെക്രട്ടറിയുടെ ജാമ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമടക്കം അതിനേക്കാൾ കൂടുതൽ പണം വിനിയോഗിച്ചെന്നും മിഥുൻ മോഹൻ പറയുന്നു.
എന്നാൽ, ഭക്ഷണമുൾപ്പെടെ വാങ്ങി നൽകിയത് തങ്ങളാണെന്നാണ് ഗോകുലിനൊപ്പമുള്ളവർ പറയുന്നത്. ഡി.സി.സിയിൽനിന്ന് മാത്രമല്ല, വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു. പരാതിക്ക് പിന്നിൽ ഗ്രൂപ്പുപോരും പുനഃസംഘടനയുടെ ഭാഗമായി സംഘടന പിടിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.