‘ഒരുമയുടെ പലമ’ നാളെ മുതൽ
text_fieldsതൃശൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് - 2023 ‘ഒരുമയുടെ പലമ’ക്ക് വെള്ളിയാഴ്ച തൃശൂരിൽ തുടക്കമാകും. ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി. രാജേഷ് കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനും ഡോ. ആർ. ബിന്ദു മുഖ്യാതിഥിയും മേയർ എം.കെ. വർഗീസ് വിശിഷ്ടാതിഥിയുമാകും. മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്തിൽനിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണാഭമായ ഘോഷയാത്രയും ഉണ്ടാവും. കലോത്സവം സമാപന സമ്മേളനം നാലിന് വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വേദികളും മത്സരങ്ങളും
സി.എൻ. കരുണാകരൻ നഗർ (ജവഹർ ബാലഭവൻ ചിത്രകലാ ഹാൾ) വേദിയിൽ പൊതുവിഭാഗങ്ങൾക്കായി ചിത്രരചന - പെൻസിൽ, കൊളാഷ്, ചിത്രരചന ജലച്ചായം, കാർട്ടൂൺ എന്നീ മത്സരങ്ങൾ നടക്കും. ചങ്ങമ്പുഴ ഹാളിൽ (സാഹിത്യ അക്കാദമി) പൊതു വിഭാഗങ്ങൾക്കായി മലയാളം, കന്നട, തമിഴ് എന്നി ഭാഷകളിൽ കവിത രചന, കഥാ രചന എന്നിവ നടക്കും.
യൂസഫലി കേച്ചേരി നഗറിൽ (സാഹിത്യ അക്കാദമി ഓഡിറ്റോറിയം) പൊതു വിഭാഗത്തിൽ ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നി ഭാഷകളിൽ കഥാ രചനയും കവിതാ രചനയും നടക്കും. മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗറിൽ (വി.കെ.എൻ ഇൻഡോർ സ്റ്റേഡിയം) പൊതു വിഭാഗത്തിൽ ചവിട്ടുനാടകവും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ (ജവഹർ ബാലഭവൻ) അറബി, കന്നട ഭാഷകളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കവിതാപാരായണവും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട് മത്സരവും നടക്കും.
ഡോ. പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) തമിഴ്, ഹിന്ദി ഭാഷകളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കവിത പാരായണം മത്സരം നടക്കും. ഇന്നസെൻറ് നഗറിൽ (വൈ.ഡബ്ല്യു.സി.എ ഹാൾ) ഇംഗ്ലീഷ് ഭാഷയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ കവിത പാരായണവും പൊതുവിഭാഗത്തിൽ കണ്ണേറുപാട്ട്, മരം കൊട്ടുപാട്ട്, കൂളിപ്പാട്ട് എന്നീ മത്സരങ്ങൾ അരങ്ങേറും.
കലവറ വണ്ടി പുറപ്പെട്ടു
തൃശൂർ: ‘അരങ്ങ് 2023’ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കുന്നതിനായി പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ശേഖരിക്കാനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കലവറ വണ്ടി പുറപ്പെട്ടു. നാല് വാഹനങ്ങളിലായി കൊടുങ്ങല്ലൂർ, ചേലക്കര, കുന്നംകുളം, ആളൂർ എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളെത്തി. വണ്ടി എത്തുന്ന ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചു.
ചേലക്കരയിൽ വണ്ടിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. പത്മജ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, ചേലക്കര സി.ഡി.എസ് ചെയർപേഴ്സൻ ശോഭന തങ്കപ്പൻ, അസിസ്റ്റൻറ് സെക്രട്ടറി അമ്പിളി, വാർഡ് മെംബർമാർ, സി.ഡി.എസ് മെംബർമാർ, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർമാർ, കുടുംബശ്രീ അക്കൗണ്ടൻറ് എന്നിവർ സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂർ ഭാഗത്തു നടന്ന കലവറ ഒരുക്കലിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ, ശാലിനി, നഗരസഭ ചെയർപേഴ്സൻ തുടങ്ങിയവർ പങ്കെടുത്തു. ആളൂർ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ കലവറ നിറക്കൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൻ രാഖി ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈനി തിലകൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ വിൽസൺ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കലവറ നിറക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കിൽ നിന്നും ലഭിച്ച സാധനങ്ങൾ കുന്നംകുളം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സജിനി പ്രേമൻ ജില്ല മിഷനിലേക്ക് നൽകി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.