പാലപ്പിള്ളിയിലെ കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾ വരും
text_fieldsആമ്പല്ലൂര്‍: ചിമ്മിനി വനമേഖലയോട് ചേർന്ന പാലപ്പിള്ളിയിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ കാടുകയറ്റാൻ കുങ്കി ആനകളെ കൊണ്ടുവരും. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി ലഭിച്ചു.
കുങ്കി ആനകളെ ലഭ്യമാക്കാനുള്ള അനുമതിക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്ക് സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കുങ്കി ആനകളെ അയക്കാന്‍ അനുമതിയായത്.
ഇക്കാര്യം ഉന്നയിച്ച് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ വനം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വയനാട് ജില്ലയിലെ മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഉപയോഗിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കി ആനകളെയാണ് പാലപ്പിള്ളിയിൽ എത്തിക്കുക.
മുത്തങ്ങ ക്യാമ്പിലെ ഈ ആനകളെ മദപ്പാടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊണ്ടുവരുക. ഇവയുടെ സേവനം പൂര്‍ത്തിയാകുന്ന മുറക്ക് തിരികെ ക്യാമ്പിലേക്ക് എത്തിക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ്ങിന്‍റെ ഉത്തരവില്‍ പറയുന്നു. അതേസമയം, കുങ്കി ആനകളെ എന്ന് കൊണ്ടുവരുമെന്ന് തീരുമാനമായിട്ടില്ലെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. ആനകളെ എത്തിക്കുന്നതിനു മുമ്പ് അതിനുള്ള ഒരുക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാടുകയറാൻ മടിച്ച്...
ആമ്പല്ലൂര്‍: പാലപ്പിള്ളി കൊച്ചിന് എസ്റ്റേറ്റിലെ 89 ഫീല്‍ഡിൽ വീണ്ടും കാട്ടാനയിറങ്ങി. വ്യാഴാഴ്ച രാവിലെ ആറോടെയാണ് ആനക്കൂട്ടം തോട്ടത്തില്‍ എത്തിയത്. ടാപ്പിങ് തൊഴിലാളികള്‍ പാട്ടകൊട്ടിയും ഒച്ചവെച്ചും ആനക്കൂട്ടത്തെ അകറ്റി. സമീപത്തെ കശുവണ്ടി തോട്ടത്തിലും ഹെലിപ്പാഡ് പരിസരത്തുമാണ് ആനകള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ആനകള്‍ വീണ്ടും റബർ തോട്ടത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം 25ഓളം ആനകള്‍ ഇറങ്ങി തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ടാപ്പിങ് നടത്താന്‍ കഴിയാതെ മടങ്ങിയ തൊഴിലാളികള്‍ വ്യാഴാഴ്ച ആനകളെ തുരത്തിയശേഷം പണിക്കിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.