കുന്നംകുളം ബസ് ടെർമിനൽ: 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകുന്നംകുളം: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് 14ന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ഹെർബർട്ട് റോഡിൽ നിലവിലെ ടൗൺ ഹാളിനു സമീപത്താണ് അത്യാധുനിക രീതിയിൽ ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്. 15.45 കോടി ചെലവഴിച്ചാണ് ബസ് ടെര്‍മിനല്‍, ഷോപ്പിങ് കോംപ്ലക്സ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത്.
മന്ത്രി എ.സി. മൊയ്തീെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 4.35 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്ത 8.05 കോടിയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് 3.05 കോടിയും െചലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. 35,678 ചതുരശ്ര അടി വിസ്തീർണവും ബസ് ടെർമിനലിനും 30,664 ചതുരശ്ര അടി ഷോപ്പിങ് കോംപ്ലക്സിനുമുണ്ട്. 28 ബസുകൾ ഒരേസമയം ട്രാക്കിൽ നിർത്തിയിടാനും പുറത്തായിട്ട് 10 ബസുകൾ നിർത്താനും സൗകര്യമുണ്ട്.
ശൗചാലയം, ലഘുഭക്ഷണ ശാല, വിശ്രമകേന്ദ്രം, യാത്രക്കാർക്ക് 200 ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. മുഴുവൻ സ്ഥലത്തും നിരീക്ഷണ കാമറയുമുണ്ട്. യാത്രക്കാർക്ക് വ്യാപാര സമുച്ചയത്തിലൂടെ പ്രവേശനം ഒരുക്കിയതിനാൽ അപകട രഹിത കാൽനട ഉറപ്പാക്കാം.തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ആർക്കിടെക്ചർ മേധാവി ജോൽസന റാഫേലാണ് രൂപകൽപന തയാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.
നിർമാണത്തിന് ധാരണപത്രത്തിൽ ഒപ്പിട്ട് ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത് നിലവിലെ ഭരണ സമിതിയുടെ കൂട്ടായ സഹകരണം മൂലമാണെന്ന് ചെയർപേഴ്സൻ സീത രവീന്ദ്രൻ വ്യക്തമാക്കി.നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും ഇക്കാര്യങ്ങളിൽ മന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് സഹായിച്ചുവെന്നും ബസ് സ്റ്റാൻഡിലേക്കുള്ള അനുബന്ധ റോഡുകളുടേയും പാർക്കിങ്, ഗതാഗത സംവിധാനം എന്നിവ സംബന്ധിച്ച് ചർച്ചയിലൂടെ പരിഹരിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.