പോക്സോ കേസിൽ 29 വർഷം തടവ്
text_fieldsകുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി വീട്ടിൽ അതിക്രമിച്ച് കയറി ആഭരണങ്ങൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 29 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ.
പാവറട്ടി ചിറ്റാട്ടുകര വാഴപ്പിലാത്ത് വീട്ടിൽ പ്രണവിനെയാണ് (24) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.2017, 2018 വർഷങ്ങളിൽ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ അപഹരിക്കുകയും ചെയ്തെന്നാണ് കേസ്.
കടുത്ത മാനസിക സമ്മർദത്തിലായ പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ എസ്.ഐ അനിൽകുമാർ ടി. മേപ്പിള്ളി രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ബിന്ദുലാലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർമാരായിരുന്ന എ. ഫൈസൽ, എം.കെ. രമേഷ് എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃതയും ജിജിയും ഹാജരായി. പാവറട്ടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.