കുന്നംകുളത്ത് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു 55 പേർക്ക് പരിക്ക്
text_fieldsകുന്നംകുളം: കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 55 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കുറ്റിപ്പുറം-തൃശൂർ റൂട്ടിലോടുന്ന ജോണിസ് ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ തുറക്കുളം മാർക്കറ്റ് റോഡിൽ സ്വകാര്യ ബാറിന് മുന്നിലാണ് അപകടം. തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ ഓടിക്കൂടിയവരും കുന്നംകുളം പൊലീസും അഗ്നിരക്ഷ സേനാംഗങ്ങളും ചേർന്ന് ആശുപത്രികളിൽ എത്തിച്ചു. ബസ് പൂർണമായും മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പെട്ടെന്ന് ശബ്ദം കേട്ടതായും പിന്നീട് നിയന്ത്രണംവിട്ട് പാടത്തേക്ക് പോകുകയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു. കൃഷിയോഗ്യമല്ലാത്ത ഈ പാടത്തുള്ള മൺതിട്ടയിൽ ഇടിക്കുകയും സമീപത്തെ സ്ലാബിൽ പിറകിലെ ചക്രം തട്ടിയതിനാലും വേഗത നിയന്ത്രണ വിധേയമായി.
രണ്ട് വൈദ്യുതി കാലുകൾക്കിടയിലൂടെയാണ് പാടത്തേക്ക് ഇറങ്ങിയിട്ടുള്ളത്. വൈദ്യുതി കാലിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിഞ്ഞു. ബസ് കൂടുതൽ മറിയാതിരിക്കാൻ സമീപത്തെ വൈദ്യുതി കാലിലേക്ക് കയർ ഉപയോഗിച്ച് കെട്ടി നിർത്തിയാണ് യാത്രക്കാരെ ഇറക്കിയത്.
സ്റ്റാൻഡിന് സമീപത്ത് എത്തിയതിനാൽ ബസിന് വേഗത കൂടുതലായിരുന്നു. ലീഫ് ബന്ധിപ്പിക്കുന്ന ഭാഗം മുറിഞ്ഞതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. പരിക്കേറ്റവരിൽ കൂടുതൽ പേരും കോളജ് വിദ്യാർഥികളും ആശുപത്രികൾ, മറ്റു സ്ഥാപനങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് പോകുന്നവരുമാണ്. 28 പേരെ കുന്നംകുളം മലങ്കരയിലും 16 പേരെ റോയലിലും ഏഴു പേരെ താലൂക്ക് ആശുപത്രിയിലും നാലു പേരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.