പെങ്ങാമുക്ക് ചെറുവള്ളിക്കടവ് പാലം; നിർമാണത്തിന് ഭരണാനുമതി
text_fieldsകുന്നംകുളം: കുന്നംകുളം മണ്ഡലത്തിലെ ചെറുവള്ളിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് 9.33 കോടി രൂപയുടെ ഭരണാനുമതി. കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെങ്ങാമുക്കിലെ പ്രധാനറോഡിലാണ് ചെറുവള്ളിക്കടവ് പാലം.
എ.സി. മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ പാലം പുതുക്കിപ്പണിയുന്നതിന് തുക അനുവദിച്ചിരുന്നു.
നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിലൂടെ നിറവേറ്റപ്പെടുന്നത്. ആറര പതിറ്റാണ്ട് മുമ്പ് 1962ലാണ് ചെറുവള്ളിക്കടവ് പാലം നിർമിച്ചത്. വീതികുറഞ്ഞ പാലം കാലപഴക്കത്തില്‍ ബലക്ഷയം സംഭവിച്ചിരുന്നു.
വർഷങ്ങൾക്കുശേഷം പാറേമ്പാടം-ആറ്റുപുറം റോഡ് വികസനത്തിന്റെ ഭാഗമായി ഈ പാലത്തിന്റെ ഇരുവശത്തും വീതി കൂട്ടി. എന്നാൽ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് അത് ഗുണകരമായില്ല.
ചെറുവള്ളിക്കടവ് പാലം പുനർനിർമിക്കണമെന്ന ആവശ്യം എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.
60 മീറ്റർ നീളവും 11.05 മീറ്റർ വീതിയിലുമാണ് പുതിയപാലം നിർമിക്കുക. ഇരുവശത്തും നടപ്പാതയും സൗന്ദര്യവത്കരണവും നടത്തും. പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം സുഗമമാക്കാനാകും.
സാങ്കേതികാനുമതി കൂടി ലഭ്യമാക്കി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.