ആംബുലൻസ് അപകടം: മാതാപിതാക്കൾ യാത്രയായി; ഒന്നര വയസ്സുകാരൻ ഇനി തനിച്ച്
text_fieldsകുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച ചാവക്കാട് ബ്ലാങ്ങാട് ഇളയേടത്ത് പുത്തൻ വീട്ടിൽ ഫദലുൽ ആബിദ്, ഭാര്യ ഫെമിന എന്നിവരുടെ വിയോഗത്തോടെ തനിച്ചായത് ഒന്നര വയസ്സുകാരൻ മകൻ ഐസി.
ദുബൈയിൽ ജോലിയുള്ള ആബിദ്, ഭാര്യക്ക് പനി ശക്തമായി ന്യൂമോണിയ ആയതോടെ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും മരിച്ചത്. പത്ത് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത് ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു.
ബ്ലാങ്ങാടുള്ള സ്വന്തം വീട്ടിലേക്ക് പോകും മുമ്പേ ഭാര്യ മാതാവിനെ കാണാൻ മരത്തംകോട് എത്തുകയായിരുന്നു. വിദേശത്തായിരുന്ന ദമ്പതികൾ മൂന്നു മാസം മുമ്പ് നാട്ടിലെത്തിയിരുന്നു.
മഴയത്തുള്ള അശ്രദ്ധമായ ഡ്രൈവിങ്ങാണ് ആംബുലൻസ് അപകടത്തിന് വഴിവെച്ചതെന്നും മൂന്നു പേരുടെ ജീവൻ പൊലിയാൻ കാരണമായതെന്നുമാണ് വിലയിരുത്തൽ. ഇടതു വശം ചേർന്ന് പോകേണ്ട വാഹനം നിയന്ത്രണം വിട്ട് വലതുവശത്ത് റോഡരികിൽ സ്ഥാപിച്ച ഗെയിൽ വാതക പൈപ്പ് സർവ്വേ കല്ലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കല്ല് സമീപത്തെ മതിൽ കെട്ടിയ വീടിന് മുറ്റത്തേക്ക് തെറിച്ചു വീണു.
സമീപത്തെ രണ്ട് കാറ്റാടി മരത്തിൽ ഇടിച്ച് രണ്ട് തവണ മറിഞ്ഞ വാഹനം ഇടതു വശത്തെ മറ്റൊരു മരത്തിൽ ഇടിച്ച നിലയിലായിരുന്നു. നിയന്ത്രണം വിട്ട വാഹനം നിറുത്താൻ വേണ്ട യാതൊരു ശ്രമവും ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായത് കണ്ടെത്താനായിട്ടില്ല. ആംബുലൻസിന്റെ വാതിൽ പൊളിഞ്ഞ നിലയിലായിരുന്നു.
ഐ.സി.യു സംവിധാനം ഉണ്ടായിരുന്ന ആംബുലൻസിൽ അഞ്ച് കിലോമീറ്റർ ദൂരത്തേക്കുള്ള യാത്രയിൽ ഇത്ര തിടുക്കം കാണിക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായമുണ്ട്. മഴയുണ്ടായിരുന്നതിനാൽ പ്രത്യക സാഹചര്യത്തിൽ നിയന്ത്രണം പോയതാകുമോയെന്നും മറ്റെതെങ്കിലും വാഹനങ്ങളെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമമാണോ അപകടത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. ഡ്രൈവറുടെയോ മുൻ സീറ്റിലിരുന്നവരുടെയോ മൊഴിയെടുത്താലേ കാരണം വ്യക്തമാകൂ.
ഫെമിന മരത്തംകോട്ടെത്തിയത് ഉമ്മയെ കാണാൻ
കുന്നംകുളം: ദുബൈയിൽ നിന്ന് ഫെമിന ഭർത്താവ് ഫദലുൽ ആബിദിനൊപ്പം ആദ്യമെത്തിയത് ഹെർണിയ ശസ്ത്രക്രിയക്ക് വിധേയയായി മരത്തംകോട്ടെ മാതൃസഹോദരിയുടെ വീട്ടിൽ കഴിയുന്ന ഉമ്മ സീനത്തിനെ കാണാനാണ്. ന്യുമോണിയ ബാധിതയായ ഫെമിനക്ക് ഇവിടെ വെച്ച് ശ്വാസതടസം നേരിടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. അമിത വേഗതയിലായിരുന്നു ആംബുലൻസ്. സംഭവസമയം മഴ പെയ്തിരുന്നു.
അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് കുന്നംകുളത്ത് നിന്ന് പുറപ്പെട്ട നന്മ ആംബുലന്‍സ് കുന്നംകുളം ജങ്ഷനിൽ മത്സ്യവാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. ആംബുലന്‍സ് ഡ്രൈവര്‍ അകലാട് കുളങ്ങരകത്ത് റിംഷാദിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ കുടുങ്ങിയ ഡ്രൈവറെ അതുവഴി വന്ന അഗ്നി രക്ഷ സേന ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്.
മരിച്ച ഫദലുൽ ആബിദ്, ഭാര്യ ഫെമിന, മാതൃസഹോദരി റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചക്ക് രണ്ടരയോടെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മൂന്ന് മൃതദേഹങ്ങളും കുന്നംകുളം ബൈജു റോഡിലെ ടൗൺമസ്ജിദിൽ കൊണ്ടു വന്ന് മയ്യിത്ത് നമസ്കരിച്ച ശേഷം തൊഴിയൂരിലെ ഫെമിനയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ദമ്പതികളുടെ മൃതദേഹങ്ങൾ ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിലും റഹ്മത്തിന്റെ മൃതദേഹം മറ്റം വാക ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.