കുന്നംകുളം-തൃശൂർ റോഡിന്റെ ശോച്യാവസ്ഥ; തെരുവിലിറങ്ങി സ്വകാര്യ ബസ് ജീവനക്കാർ
text_fieldsകുന്നംകുളം: കുന്നംകുളം-തൃശൂർ റോഡ് തകർന്ന് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതായതോടെ സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്വതന്ത്ര തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച ബസ് തൊഴിലാളികൾ തൊഴിൽ ബഹിഷ്കരിച്ച് സമരം നടത്തിയത്.
തൃശൂർ-കോഴിക്കോട്, തൃശൂർ-കുന്നംകുളം, തൃശൂർ-പാവറട്ടി, തൃശൂർ-ഗുരുവായൂർ എന്നീ റൂട്ടുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ തൊഴിൽ മുടക്കിയത്. ചൂണ്ടൽ മുതൽ കൈപറമ്പ് വരെയുള്ള റൂട്ടിലെ യാത്രയും തികച്ചും ദുരിതത്തിലാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാരെ വലച്ചിരുന്നു. രണ്ടാഴ്ച മുമ്പ് സമരം പ്രഖ്യാപിച്ചതോടെ പാതയിലെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. കുഴികൾ എല്ലാംതന്നെ ശക്തമായ മഴയിൽ കൂടുതൽ വലുപ്പത്തിലായി. മഴ പതിവായതോടെ കുഴികളിലെ വെള്ളക്കെട്ട് വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി.
കലക്ടർ വിളിച്ച യോഗത്തിൽ 15 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുപറഞ്ഞിരുന്നുവെങ്കിലും അതും നടപ്പായില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സമരം നടത്തിയത്. 120 ബസുകളിൽ 90 ബസുകളിലേയും തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ചൂണ്ടലിൽ നിന്ന് ആരംഭിച്ച തൊഴിലാളികളുടെ തൊഴിൽ ബഹിഷ്കരണ റാലി കൈപറമ്പിൽ സമാപിച്ചു. ഇതിനിടയിൽ റോഡിലെ വലിയ കുഴിക്ക് സമീപം കുത്തിയിരിപ്പ് സമരവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.