നാടിൻെറ കരുതലിൽ ഭാഗ്യക്ക് നിർഭയം ഉറങ്ങാൻ വീടൊരുങ്ങി; ഇന്ന് താക്കോൽ കൈമാറും
text_fieldsപെരുമ്പിലാവ്: ഓല മേഞ്ഞ ഒറ്റമുറിയിൽ വർഷങ്ങളോളം കഴിഞ്ഞിരുന്ന വിദ്യാർഥിനിയായ ഭാഗ്യക്ക് ഇനി നിർഭയം അന്തിയുറങ്ങാം. ചാലിശേരി കുന്നത്തേരി ഐനിപ്പുള്ളി ബാബുവിൻ്റെ മകൾ ഭാഗ്യക്കാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. കുന്നത്തേരി പൗർണ്ണമി കലാസമിതിയുടേയും നാട്ടുകാരുടേയും സഹായത്തോടെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തിയാക്കിയത്. എട്ട് വർഷമായി ചെറിയ കൂരക്കുള്ളിൽ കഴിഞ്ഞുവന്ന കുടുംബം ഇന്ന് പുതിയ വീടിൻെറ താുക്കാൽ ഏറ്റുവാങ്ങും.
എട്ട് ലക്ഷം രൂപ ചിലവിൽ 700 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് നിർമാണം ആരംഭിച്ച് രണ്ടര മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പഠനത്തിൽ മിടുക്കികളായ രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ബാബുവിൻ്റെ കുടുംബം. ചുമട്ടു തൊഴിലാളിയായ ബാബുവിന് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചിലവും കഴിച്ചിരുന്നത്. അതിനാൽ തന്നെ വീട് നിർമാണമെന്നത് ബാബുവിന് സ്വപ്നം മാത്രമായിരുന്നു.
ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പഠനത്തിൽ മികവ് തെളിയിച്ച് പ്ലസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഭാഗ്യക്ക് ഐ.എ.എസ് നേടണമെന്നാണ് ആഗ്രഹം. അതിൻെറ ഭാഗമായി ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനവും ആരംഭിക്കാനിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. അധ്യാപകരും, പി.ടി.എയും, പൂർവ വിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങളും ഭാഗ്യയുടെ തുടർ പഠനത്തിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പരിമിതികൾക്കുള്ളിൽ നിന്ന് പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഭാഗ്യ പ്ലസ് ടു ഹ്യൂമാനിറ്റീസിൽ 96 ശതമാനം മാർക്ക് നേടി സ്കൂളിൻെറ അഭിമാനമായി മാറിയിരുന്നു. എൻ.എസ്.എസ് വളണ്ടിയറും ക്ലാസ്സ് ലീഡറുമായിരുന്ന വിദ്യാർഥിനി സ്കൂളിലെ എല്ലാ രംഗത്തും സജീവമായിരുന്നു. വീടിൻെറ താക്കോൽദാനം ഞായറാഴ്ച രാവിലെ 10.30 ന് നടക്കും. ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റംഗം വി.കെ. ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഏരിയാ സെക്രട്ടറി പി.എൻ. മോഹനൻ താക്കോൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.