പതാക ഉയർത്തുന്നതിനിടെ ബി.ജെ.പി അംഗത്തിന്റെ 'ഭാരത് മാതാ കീ ജയ്' വിളി
text_fieldsകുന്നംകുളം: റിപ്പബ്ലിക് ദിനത്തിൽ കുന്നംകുളം നഗരസഭയിൽ പതാക ഉയർത്തുന്നതിനിടെ ഭാരത് മാതാകീ ജയ് വിളിച്ച സംഭവം വിവാദമാകുന്നു. ജയ് വിളിച്ച നഗരസഭ കൗൺസിലറും ബി.ജെ.പി കുന്നംകുളം വെസ്റ്റ് ഏരിയ പ്രസിഡന്റുമായ രേഷ്മ സുനിലിനെ ചെയർപേഴ്സൺ പരസ്യമായി ശാസിച്ചു.
നഗരസഭയിൽ ചെയർപേഴ്സൺ പതാക ഉയർത്തിയതോടെ കൗൺസിലർ രേഷ്മ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയായിരുന്നു. ഇത് കൂടിനിന്ന ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചേർന്നു വിളിച്ചു. കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ മുൻകാല ചെയർമാൻമാരുടേയും സാന്നിധ്യത്തിലായിരുന്നു സംഭവം. പിന്നീട് ഓഫിസിൽ കയറിയ കൗൺസിലറെ ചെയർപേഴ്സൺ സീത രവീന്ദ്രൻ ശാസിച്ചു. ഇത് ബി.ജെ.പി ഓഫിസ് അല്ലെന്നും അവിടെ പറഞ്ഞാൽ മതിയെന്നും ചെയർപേഴ്സൺ പറഞ്ഞുവത്രെ. കുന്നംകുളം നഗരസഭ സി.പി.എമ്മാണ് ഭരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ രീതിയിൽ പതാക ഉയർത്തുമ്പോൾ വിളിച്ചിരുന്നുവെന്നും അന്ന് ഇതേ ചെയർപേഴ്സൺ എതിർത്തിരുന്നില്ലെന്നും രേഷ്മ പറയുന്നു. ബി.ജെ.പി അംഗത്തെ പരസ്യമായി അവഹേളിച്ചുവെന്നാരോപിച്ച് ചെയർപേഴ്സനെതിരെ ജില്ല കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.