വാക്കുതർക്കത്തിനിടെ ക്രൂരമർദനം; ഗുരുതര പരിക്കേറ്റ ഒഡിഷ സ്വദേശി മരിച്ചു
text_fieldsകുന്നംകുളം: അന്തർസംസ്ഥാന തൊഴിലാളികള് തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ തലക്ക് മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒഡിഷ സുങ്കർ സ്വദേശി ഗൗഡ സാഹിയിൽ പത്മനാഭ ഗൗഡ (31) ആണ് മരിച്ചത്. സംഭവത്തിൽ ഒഡിഷ സുങ്കർ സ്വദേശി ഭക്താറാം ഗൗഡയെ (29) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 15ന് രാത്രി ഒമ്പതോടെ കുന്നംകുളം ബൈജു റോഡിൽ മത്സ്യമാർക്കറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് സ്വകാര്യ ഭക്ഷണവിതരണ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പത്മനാഭ ഗൗഡ അറസ്റ്റിലായ പ്രതി ഭക്താറാം ഗൗഡയും സുഹൃത്തുക്കളും താമസിക്കുന്ന മുറിയിൽ സംഭവദിവസം വൈകീട്ടാണ് എത്തിയത്. മദ്യം കഴിച്ചശേഷമുണ്ടായ വാക്കുതർക്കത്തിനിടെ പത്മനാഭ ഗൗഡയെ പ്രതി കൈകൊണ്ട് തലക്കും മുഖത്തും ഇടിച്ച് പരിക്കേൽപിച്ചു. ബോധരഹിതനായി മുറിയിൽ കിടന്ന പത്മനാഭ ഗൗഡയെ പിറ്റേന്ന് വായിൽനിന്ന് നുരയും പതയും രക്തവും വന്ന നിലയിലാണ് കണ്ടത്. ഉടനെ പ്രതി മറ്റു പലരുടെയും സഹായത്തോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കുളിമുറിയിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതി ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഇതിനിടെ പത്മനാഭ ഗൗഡയുടെ ബന്ധുക്കളെ പ്രതിതന്നെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശോധനയിൽ വീണതല്ലെന്നും മർദനമേറ്റതാണെന്നും വ്യക്തമായതായി ഡോക്ടർമാർ ബന്ധുക്കളോട് വ്യക്തമാക്കി. ഇതോടെ ബന്ധുക്കൾ പ്രതിയെ വിളിച്ച് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. ആഗസ്റ്റ് 21ന് ബന്ധുക്കൾ പൊലീസിൽ പരാതിയുമായെത്തി.
പൊലീസ് വധശ്രമത്തിന് കേസെടുത്ത് ഭക്താറാം ഗൗഡയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ പത്മനാഭ ഗൗഡ മരിച്ചതോടെ കൊലപാതകത്തിന് കേസെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.