ചാലിശ്ശേരി പഞ്ചായത്ത്: 20 ദിവസത്തെ ഭരണത്തിന് പുതിയ പ്രസിഡൻറ്
text_fieldsപെരുമ്പിലാവ്: ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അഞ്ചു വർഷത്തിനിടയിലെ ചാലിശ്ശേരി പഞ്ചായത്തിലെ മൂന്നാമത്തെ പ്രസിഡൻറാണ് മൂന്നാം വാർഡ് അംഗം കോൺഗ്രസിലെ റംല വീരാൻകുട്ടി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി. പി.എമ്മിലെ വേണു കുറുപ്പത്ത് ആയിരുന്നു എതിർസ്ഥാനാർഥി. ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് വിജയിച്ചത്. 20 ദിവസത്തെ കാലാവധിക്കാണ് പുതിയ പ്രസിഡൻറ്.
15 അംഗങ്ങളുള്ള ഭരണസമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും ഏഴ് വീതവും മുസ്ലിം ലീഗിന് ഒരംഗവുമാണുള്ളത്. യു.ഡി.എഫിലെ എട്ട് അംഗങ്ങളുടെ പിന്തുണയിൽ ആദ്യ മൂന്നര വർഷം കോൺഗ്രസിലെ ടി.കെ. സുനിൽകുമാറായിരുന്നു പ്രസിഡൻറ്. തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് ധാരണപ്രകാരം അവസാന ഒന്നര വർഷം ലീഗ് സ്ഥാനാർഥിയെ പ്രസിഡൻറാക്കണമെന്ന തീരുമാനം ലംഘിച്ചതോടെ മുസ്ലിം ലീഗ്, യു.ഡി.എഫ് ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് കോൺഗ്രസ് പ്രസിഡൻറിനെതിരെ അവിശ്വാസം കൊണ്ടുവന്നു.
ഇതിനിടയിൽ കോൺഗ്രസ് അംഗം പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. തുടർന്ന് ഇടതുപക്ഷത്തിെൻറ പിന്തുണയോടെ ലീഗ് അംഗം അക്ബർ ഫൈസൽ മാസ്റ്റർ പ്രസിഡൻറായി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചായത്ത് പ്രദേശത്തെ യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങൾ തീർത്തതോടെ ലീഗ് വീണ്ടും യു. ഡി.എഫിനൊപ്പമായി. കഴിഞ്ഞ മാസം ലീഗ് ആവശ്യപ്പെട്ടതനുസരിച്ച് അക്ബർ ഫൈസൽ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഒരുമാസമായി വൈസ് പ്രസിഡൻറായ സി.പി.എമ്മിലെ ആനി വിനു ആക്ടിങ് പ്രസിഡൻറായി ചുമതല വഹിക്കുന്നതിനിടയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ് സ്ഥാനാർഥി റംലയുടെ പേര് ടി.കെ. സുനിൽ കുമാർ നിർദേശിക്കുകയും എം.പി. കോയക്കുട്ടി പിന്താങ്ങുകയും ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആനക്കര കൃഷി ഓഫിസർ എം.കെ. സുരേന്ദ്രൻ വരണാധികാരിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.