സി.വി. ശ്രീരാമൻ കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം; കുന്നംകുളത്ത് കൗൺസിൽ യോഗത്തിൽ കൈയാങ്കളി, കൂട്ടത്തല്ല്
text_fieldsകുന്നംകുളം: സി.വി. ശ്രീരാമൻ കൾച്ചറൽ സെന്റർ നഗരസഭ സ്ഥലത്ത് നിർമിക്കുന്നതിനെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. കൗൺസിൽ ഹാളിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം പൂട്ടിയിട്ട ചെയർപേഴ്സനെ പൊലീസ് സംഘം വാതിൽ തള്ളിത്തുറന്ന് മോചിപ്പിച്ചു. വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറിയത്. സി.വി. ശ്രീരാമൻ കൾച്ചറൽ സെന്റർ നിർമിക്കാൻ എം.എൽ.എയുടെ വികസനനിധിയിൽനിന്ന് 80 ലക്ഷം അനുവദിക്കുന്നതിനുള്ള ശിപാർശക്കും സെന്റർ നിർമിച്ച ശേഷം ആവർത്തന ചിലവ് നഗരസഭ വഹിക്കുന്ന കാര്യം സംബന്ധിച്ച അനുമതി അംഗീകാരത്തിനുമായി വന്ന അജണ്ടയാണ് വാക്കുതർക്കത്തിലും ഒടുവിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ കൂട്ട അടിയിലും എത്തിച്ചത്. കൾചറൽ സെന്റർ നിർമ്മിക്കാൻ മധുരക്കുളത്തിന് സമീപം 10 സെന്റ് അനുവദിച്ചത് കൗൺസിൽ തീരുമാന പ്രകാരമല്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നര കോടിയിലധികം വിലയുള്ള സ്ഥലം സ്വകാര്യ ട്രസ്റ്റിന് തീറെഴുതി കൊടുക്കുന്ന നടപടി തെറ്റാണെന്ന് കൗൺസിലർ ലെബീബ് ഹസൻ വ്യക്തമാക്കി.
നഗരസ ഓഫിസിനു മുന്നിൽ പുറമ്പോക്ക് ഭൂമിയായ 8.5 സെന്റ് സ്ഥലം ട്രസ്റ്റിന് കൾച്ചറൽ സെന്റർ നിർമിക്കാൻ ഏഴ് വർഷം മുൻപ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇത് അന്നത്തെ പ്രതിപക്ഷം എതിർത്തിരുന്നു. ഇതോടെയാണ് മധുരക്കുളത്തെ സ്ഥലത്ത് നിർമ്മിക്കാൻ നഗരസഭ ഭരണസമിതിക്കാർ തീരുമാനം കൈകൊണ്ടിരുന്നത്. എന്നാൽ ഈ സ്ഥലത്തിന് കൗൺസിൽ എൻ.ഒ.സിയും കൊടുത്തിട്ടില്ല.
സ്വകാര്യ ട്രസ്റ്റിന് കൾച്ചറൽ സെന്റർ നിർമിക്കാൻ അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷത്തെ കോൺഗ്രസ്-ബി.ജെ.പി-ആർ.എം.പി അംഗങ്ങൾ ശഠിച്ചു.
എം.എൽ.എ ഫണ്ടുപയോഗിച്ച് നഗരസഭ കൾച്ചറൽ സെന്റർ പണിയുന്ന പക്ഷം ശേഷിക്കുന്ന ചിലവ് നഗരസഭക്ക് വഹിക്കാൻ കഴിയുമോയെന്ന് ചോദിച്ച് കലക്ടർ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇതും പ്രതിപക്ഷ വാദത്തിന് ശക്തിയേകി. ഇത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ വാക്കുതർക്കമായി.
എന്നാൽ ഭരണസമിതിക്കൊപ്പം കൗൺസിലിൽ നിൽക്കുന്ന വിമത കോൺഗ്രസ് അംഗം ടി. സോമശേഖരൻ ഈ തീരുമാനത്തെ എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ അജണ്ട വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിന് കൂട്ടാക്കാതെ പിന്നീടുള്ള അജണ്ട വായിക്കാൻ ചെയർപേഴ്സൻ അനുമതി നൽകിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി ചെയർപേഴ്സന്റെ ഡയസിന് മുന്നിലെത്തി. ഇതോടെ എല്ലാ അജണ്ടകളും പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ സീത രവീന്ദ്രൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് വനിത അംഗങ്ങൾ കൗൺസിൽ ഹാൾ അടച്ച് ചെയർപേഴ്സനെ തടഞ്ഞു. ഇതോടെ ഓടിയെത്തിയ അംഗങ്ങൾ തമ്മിലുണ്ടായ കൈയേറ്റം കൂട്ടത്തല്ലിലെത്തി. വിവരമറിഞ്ഞ് പൊലീസ് സംഘമെത്തി തള്ളിപ്പിടിച്ചിരുന്ന വാതിൽ ഉന്തിത്തുറന്ന് സീത രവീന്ദ്രനെ മോചിപ്പിച്ചു. കൈയാങ്കളിയിൽ ദേഹാസ്വാസ്ഥ്യം നേരിട്ട വനിത കൗൺസിലർമാരായ ഗീത ശശി, ലീല ഉണ്ണികൃഷ്ണൻ എന്നിവർ പിന്നീട് ചികിത്സ തേടി.
എൽ.ഡി.എഫ് പ്രതിഷേധപ്രകടനം
കുന്നംകുളം: നഗരസഭയിലെ കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ടിന്റെ ജനാധിപത്യവിരുദ്ധ നടപടിയിലും കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികളെ കൈയേറ്റം ചെയ്ത നടപടിക്കെതിരെയും എൽ.ഡി.എഫ് കുന്നംകുളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, പി.എം. സുരേഷ്, ടി. സോമശേഖരൻ, പി.ജി. ജയപ്രകാശ്, കെ.ബി. ഷിബു, സി.സി. ഷെറി, സി.കെ. ലിജീഷ്, ജി.കെ. ജിന്നി, സൗമ്യ അനിൽ, പി.കെ. ഷബീർ, പ്രിയ സജീഷ്, സജിനി പ്രേമൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.