സി.പി.എം നേതാവ് ഗ്യാസ് പൈപ്പ് ലൈൻ കുഴിയിൽ വീണ് മരിച്ച സംഭവം: ഉപകരാറുകാരൻ പിടിയിൽ
text_fieldsകുന്നംകുളം: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ സി.പി.എം നേതാവ് മരിച്ച സംഭവത്തിൽ ഉപ കരാറുകാരെൻറ പേരിൽ കുന്നംകുളം പൊലീസ് കേസെടുത്തു. മുഖ്യ കരാറുകാരനെ ഒഴിവാക്കിയാണ് കേസെടുത്തത്. ഉപകരാറുകാരൻ എറണാകുളം തിരുവന്നിയൂർ മാമല കക്കാടുകര അനീഷ് ഭവനിൽ അനീഷ് കുമാറിനെ (39) അറസ്റ്റ് ചെയ്തു.
വേണ്ടത്ര സുരക്ഷ മുൻകരുതൽ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണം. ആറ് മാസത്തിനു ശേഷമാണ് സംഭവത്തിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യുന്നത്.
കരാറുകാരൻ കോട്ടയം സ്വദേശി ദീപക് ജോണിനെ ഉന്നത രാഷ്്ട്രീയ സമ്മർദം മൂലം കേസിൽനിന്ന് ഒഴിവാക്കിയെന്നാരോപണവും ഉയർന്നിട്ടുണ്ട്. ഇതിനായി സർക്കാറിലെ മുഖ്യ രാഷ്ട്രീയ പാർട്ടി ഇടപെടൽ നടത്തിയെന്നും ആക്ഷേപമുണ്ട്.
ഏപ്രിൽ 15ന് ചൂണ്ടൽ പാറന്നൂരിലായിരുന്നു അപകടം. സി.പി.എം കേച്ചേരി ലോക്കൽ സെക്രട്ടറി ചിറയത്ത് വീട്ടിൽ സി.എഫ്. ജയിംസാണ് മരിച്ചത്. അപകട സൂചക ബോർഡ് കുഴിക്കരികിൽ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായത്. ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ മേയ് ഒന്നിനാണ് ജയിംസ് മരണത്തിന് കീഴടങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ മുഖ്യ കരാറുകാരനും ഉപ കരാറുകാരനും എതിരെ പൊലീസ് പരാതി നൽകിയെങ്കിലും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയാറാകാതിരുന്നത് സി.പി.എം സമ്മേളനങ്ങളിൽ ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അദാനി ഗ്രൂപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.