കുന്നംകുളത്ത് സി.പി.എം കോട്ടകളിലും ഭൂരിപക്ഷം ഇടിഞ്ഞു
text_fieldsകുന്നംകുളം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ വിജയിച്ച എൽ.ഡി.എഫിന് കുന്നംകുളം മണ്ഡലത്തിൽ പ്രതീക്ഷിച്ച ഭൂരിപക്ഷത്തിൽ എത്താനായില്ല. 3827 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ.
ഭൂരിപക്ഷത്തിലെ കുറവില്‍ കൂട്ടിയും കിഴിച്ചും വിലയിരുത്തുകയാണ് എല്‍.ഡി.എഫ് നേതാക്കള്‍. സംസ്ഥാനത്തെ 18 സീറ്റുകൾ കൈവന്നിട്ടും ആലത്തൂരിനെ നഷ്ടപ്പെടുത്തിയത് സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് യു.ഡി.എഫിന്റെ നീക്കം. എന്നാൽ, നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് കുന്നംകുളത്ത എന്‍.ഡി.എ നേതാക്കൾ.
സി.പി.എമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന കടവല്ലൂരില്‍ തന്നെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 391 വോട്ടിന്റെ ഭൂരിപക്ഷമാണിവിടെ നിന്നുണ്ടായത്. കടങ്ങോട് വെറും ഏഴ് വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കാട്ടകാമ്പാലിൽനിന്ന് 1042 വോട്ടു നൽകിയപ്പോൾ കുന്നംകുളത്ത് നിന്നാണ് 3105 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നൽകാനായത്.
ചൊവ്വന്നൂർ, എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫിന് നേരിയ തോതിലെങ്കിലും ഭൂരിപക്ഷം നല്കി. കുന്നംകുളം നിയോജക മണ്ഡലത്തിന് കീഴിലുള്ള എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എല്‍.ഡി.എഫാണ് ഭരണം നടത്തുന്നത്.
ഇക്കുറിയും ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ പൂർണമായും വലതുപക്ഷത്തേക്ക് തിരിഞ്ഞുവെന്നും ബൂത്ത് അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സി.പി.എം കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആലത്തൂരിൽ മന്ത്രിയായിട്ടുപോലും ആടിയുലച്ചലിൽ പിടിച്ചുനിർത്തിയത് കെ. രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷത്തിന്റെ പിന്തുണ ഉണ്ടായിട്ടും കേരളത്തിലെ യു.ഡി.എഫ് തരംഗത്തിൽ ആലത്തൂരിലെ എം.പിയായിരുന്ന രമ്യ ഹരിദാസ് വിജയിക്കാൻ കഴിയാത്തതിന്റെ നിരാശയും കുന്നംകുളത്തെ യു.ഡി.എഫുകാരിൽ നിഴലിക്കുന്നു. മണ്ഡലത്തിലെ ചില നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതായും ആക്ഷേപമുണ്ട്. അവസരത്തിനൊത്ത് മണ്ഡലത്തിലെ പൊതുപരിപാടികളിലും മറ്റും സാന്നിധ്യം ഉണ്ടാക്കാൻ എം.പിക്ക് കഴിയാതിരുന്നതും പ്രവർത്തകർക്കിടയിൽ വെറുപ്പിന് കാരണമായെന്നും ആരോപണമുണ്ട്.
സ്ഥാനാര്‍ഥി മറ്റൊരാളായിരുവെങ്കിൽ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമായിരുന്നുവെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. എന്‍.ഡി.എക്ക് മുപ്പതിനായിരത്തോളം വോട്ട് മണ്ഡലത്തിലുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കാൻ കഴിഞ്ഞു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇവർക്ക് കഴിഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതിന്റെ വിശദീകരണം തേടിയുള്ള കണക്കെടുപ്പുകളും ഇതിനോടകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.