സഹോദര പുത്രനെ ഉപദേശിച്ചു; ഗൃഹനാഥനെയും ഭാര്യയെയും മയക്കുമരുന്ന് മാഫിയ വീടുകയറി ആക്രമിച്ചു
text_fields
കുന്നംകുളം: ചെമ്മണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തകർത്ത മദ്യ -മയക്കുമരുന്ന് മാഫിയ പ്രവാസിയായ വീട്ടുടമസ്ഥനെയും ഭാര്യയെയും ആക്രമിച്ച് പരിക്കേൽപിച്ചു. കുത്തേറ്റ് പരിക്കേറ്റ ചൂണ്ടപുരക്കൽ വിപ്ലവനെ (59) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. സംഭവത്തിൽ സഹോദര മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുമുറ്റത്ത് കിടന്ന കാറും സ്കൂട്ടറും തല്ലിത്തകർത്ത്, ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വാതിൽ തുറന്ന് പുറത്തിറങ്ങിയ വിപ്ലവനെ ആക്രമിച്ച് ചെവിയുടെ ഭാഗത്തായി കുത്തി പരിക്കേൽപിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിതക്ക് മർദനമേറ്റത്. കഴിഞ്ഞ കുറെ ദിവസമായി മദ്യ -മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ട ക്രിമിനൽ സംഘങ്ങൾ തൊട്ടടുത്ത പണി തീരാത്ത വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഈ സംഘത്തിൽപ്പെട്ട സഹോദര പുത്രനെ വിപ്ലവൻ വിളിച്ച് ഉപദേശിച്ചിരുന്നു. ഇതിെൻറ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
കുന്നംകുളം സി.ഐ വി.സി. സൂരജിെൻറ നേതൃത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ആ വീട്ടിൽ നിന്ന് മദ്യം, കുപ്പിയിൽ നിറക്കാനാവശ്യമായ ഉപകരണങ്ങൾ, കഞ്ചാവടക്കമുള്ള മയക്കു മരുന്നുകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.കെ. വാസു, ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, ലോക്കൽ സെക്രട്ടറി കെ.ബി. ഷിബു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സുരേഷ്, ടി. സോമശേഖരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.