നഗരസഭ കെട്ടിടങ്ങളുടെ വാടകയിൽ അഞ്ച് ശതമാനം വർധനവ്
text_fieldsകുന്നംകുളം: നഗരസഭ കെട്ടിടങ്ങൾ, സ്റ്റാള്‍ എന്നിവയുടെ ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീസ് 500 രൂപയാക്കാനും ഇതിന് മുകളിലുള്ളവരുടെ ഫീസ് അഞ്ച് ശതമാനം വര്‍ധിപ്പിക്കാനും അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന് ശേഷം ഫീസ് വര്‍ധന നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും വോട്ടിനിട്ട് തീരുമാനം അംഗീകരിക്കുകയായിരുന്നു. സബ്കമ്മിറ്റിയുടെ ശിപാര്‍ശകളാണ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ നടപ്പാക്കുക ഇ.കെ. നായനാര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സിലെ ലൈസന്‍സ് ഫീസും ഡെപ്പോസിറ്റും വലിയ തുകയായതിനാല്‍ ഫീസ് വര്‍ധനയുണ്ടാകില്ല.
കെ. കരുണാകരന് ഷോപ്പിങ് കോംപ്ലക്സില്‍ 10,000 രൂപയും അതില്‍ കൂടുതലും ഫീസ് നിരക്കുള്ള കടമുറികളുടെയും ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കില്ല. 24 മാസത്തെ ലൈസന്‍സ് ഫീസ് ഡെപ്പോസിറ്റായി ഏകീകരിച്ച് ഇനിയുള്ള ലേലം, ടെന്‍ഡര്‍ നടപടികള്‍ നടത്തും. നഗരസഭയിലെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കുന്ന തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തു. 119 പൊതുടാപ്പുകളില്‍ 88 എണ്ണവും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണെന്ന് കോണ്‍ഗ്രസിലെ ഷാജി ആലിക്കല്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഓരോവാര്‍ഡിലും പ്രവര്‍ത്തിക്കുന്ന പൊതുടാപ്പുകളുടെ കണക്കെടുക്കും. പൊതുടാപ്പുകളുടെ കുടിശ്ശിക ഇനത്തില്‍ 2.11 കോടി രൂപയാണ് നഗരസഭ ജലവിതരണ വകുപ്പില്‍ അടക്കാനുള്ളത്. ആഗസ്റ്റ് അഞ്ചിന് മുമ്പ് ഒറ്റത്തവണയായി അടച്ചാല്‍ 1.02 കോടി രൂപ ഇളവ് നല്‍കാമെന്ന് കെ.ഡബ്ല്യു.എ കത്ത് നല്‍കിയിരുന്നു. ഒറ്റത്തവണയായി തുക അടക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്ന് ചെയര്പേഴ്സൻ പറഞ്ഞു. കുടിശ്ശിക തീര്‍ക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടും. വിഷയം ചര്‍ച്ച ചെയ്യും. ചെയര്പേഴ്സൻ സീത രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.