കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
text_fieldsകുന്നംകുളം: ആധുനിക സൗകര്യങ്ങളോടു കൂടിയ കുന്നംകുളത്തെ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മികവാർന്ന രീതിയിൽ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് പൊലീസ് സേനയിലുള്ളതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നാടിന്റെ വികസനവും ക്ഷേമവും സാധ്യമാകുന്നതിന് ഐക്യവും സമാധാനവും നിലനിൽക്കേണ്ടത് പ്രധാനമാണ്. ദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലുമുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾ സേവന മുഖം ആർജിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ആദ്യമായി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക പൊലീസ് സ്റ്റേഷൻ നിർമിക്കാൻ നേതൃത്വം നൽകിയ എ.സി. മൊയ്തീൻ എം.എൽ.എയെ പിണറായി വിജയൻ പ്രത്യേകം അഭിനന്ദിച്ചു.
ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പൊലീസിന്റെ സഹായത്തോടെ കുന്നംകുളം നഗരസഭ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചു. കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
7000 ചതുരശ്ര അടിയില്‍ ജനക്ഷേമകരമായി പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലാണ് പുതിയ പൊലീസ് സ്റ്റേഷൻ രൂപകൽപന ചെയ്തിട്ടുള്ളത്. 3500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു നിലകൂടി പണിത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു കോടി രൂപ കൂടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 1.5 കോടി രൂപയാണ് മുന്‍വര്‍ഷങ്ങളിലെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ചത്. പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശക മുറി, സ്വീകരണ കേന്ദ്രം, ശിശു സൗഹൃദ മുറികള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലകൂടി പൂര്‍ത്തിയാകുന്നതോടെ പൊലീസ് സേനാംഗങ്ങള്‍ക്ക് വിശ്രമത്തിനും വ്യായാമത്തിനും വായനക്കുമുള്ള സൗകര്യങ്ങളും ലിഫ്റ്റും ഇതോടൊപ്പം ചേരും.
ഡി.ഐ.ജി എ. അക്ബർ ആമുഖ പ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സ്മിതാ രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചലച്ചിത്രതാരം വി.കെ. ശ്രീരാമൻ, കലാ സാംസ്കാരിക പ്രമുഖർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ എസ്. ആദിത്യ സ്വാഗതവും എ.സി.പി ടി.എസ്. സിനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.