നിക്ഷേപത്തട്ടിപ്പ്: ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് ബഹളം
text_fieldsകുന്നംകുളം: ലൈഫ് ഇൻഷുറൻസ് ഏജൻറ് കോഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പിന്റെ പേരിൽ ആരോപണ വിധേയയായ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം.
അജണ്ട വായിക്കാൻപോലും കഴിയാതിരുന്നതോടെ യോഗം പിരിച്ചുവിട്ടു. പ്രതിയാക്കപ്പെട്ട സാഹചര്യം വിശദീകരിക്കണമെന്ന് കോൺഗ്രസ്, ബി.ജെ.പി, ആർ.എം.പി അംഗങ്ങൾ ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണം. ചെയർപേഴ്സൻ സംഭവം വിശദീകരിക്കും മുമ്പേ ഭരണകക്ഷി അംഗം മറുപടി പറഞ്ഞത് തൃപ്തികരമാകാതിരുന്ന കോൺഗ്രസ് അംഗങ്ങളും തൊട്ടുപിറകെ ബി.ജെ.പിക്കാരും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
ഇതോടെ അജണ്ട വായിക്കാൻ ചെയർപേഴ്സൻ ആവശ്യപ്പെട്ടു. തുടർന്ന് കോൺഗ്രസ് അംഗം ബിജു ക്ലർക്കിൽനിന്ന് അജണ്ട പിടിച്ചുവാങ്ങി.ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയതോടെ യോഗം ബെൽ മുഴക്കി പിരിച്ചുവിട്ട് ചെയർപേഴ്സൻ ഇറങ്ങിപ്പോയി. നിക്ഷേപിച്ച പണം ലഭിക്കാഞ്ഞ ആർത്താറ്റ് സ്വദേശിനി കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ചെയർപേഴ്സൻ അടക്കം സൊസൈറ്റി ഡയറക്ടർമാർക്കെതിരെ കേസെടുത്തത്.
പിന്നീട് കുന്നംകുളം പൊലീസ് ചെയർപേഴ്സനെ കേസിൽനിന്ന് ഒഴിവാക്കി. സീത രവീന്ദ്രൻ ഡയറക്ടർ ആയിരിക്കുന്ന കാലയളവ് മുതൽ ആർത്താറ്റ് സ്വദേശിനി പണം നിക്ഷേപിച്ചിരുന്നതായി പറയുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് ചെയർപേഴ്സനെ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിഷേധ സമരത്തിന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് കെ.കെ. മുരളി നേതൃത്വം നൽകി. കൗൺസിലർമാരായ ഗീത ശശി, രേഷ്മ സുനിൽ, രേഖ സജീവ്, സോഫിയ ശ്രീജിത്ത്, സിഗ്മ രജീഷ്, ദിവ്യ വിജീഷ് എന്നിവരും ഉണ്ടായിരുന്നു. കോൺഗ്രസ് അംഗങ്ങൾ ബിജു സി. ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. കൗൺസിലർമാരായ ഷാജി ആലിക്കൽ, ലെബീബ് ഹസൻ, മിനി മോൺസി തുടങ്ങിയ അംഗങ്ങളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.