കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ വാർഡ് കുന്നംകുളം നഗരസഭയിൽ
text_fieldsകുന്നംകുളം: നഗരസഭ മൂന്നാം വാർഡ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നല്ല വീട് നല്ല നഗരം' പദ്ധതിയുടെ ആദ്യഘട്ടമായി മാതൃക പ്രവർത്തനങ്ങൾ ഏറ്റെടുത്ത കിഴൂർ നോർത്ത് വാർഡിനെയാണ് കേരളത്തിലെ ആദ്യ സമ്പൂർണ ഖരമാലിന്യ ശുചിത്വ വാർഡായി എ.സി. മൊയ്തീൻ എം.എൽ.എ പ്രഖ്യാപിച്ചത്. തിരുത്തിക്കാട് ഭാരത് മാത സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗാനരചയിതാവ് ബി.ടി. ഹരിനാരായണൻ തയാറാക്കിയ 'നല്ലവീട് നല്ലനഗരം' പദ്ധതിയുടെ സംഗീത ആൽബം മുൻ മന്ത്രി ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു.
വാർഡിലെ 410 വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റർ ബിന്നുകളും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കർമസേന അംഗത്വവും ഉറപ്പുവരുത്തിയാണ് ശുചിത്വ പദവി നേടിയത്. ബി.ടി. ഹരിനാരായണനെ തോമസ് ഐസക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ സ്വാഗതവും നഗരസഭ സെക്രട്ടറി ടി.കെ. സുജിത് നന്ദിയും പറഞ്ഞു. നടൻ വി.കെ. ശ്രീരാമൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, കൗൺസിലർ സുജീഷ്, മുൻ നഗരസഭ ചെയർമാൻ സി.വി. ബേബി, നഗരസഭയുടെ ജനകീയാസൂത്രണ ഉപാധ്യക്ഷൻ വി. മനോജ് കുമാർ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ടി.എസ്. ശുഭ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. വൈകീട്ട് വിവിധ വാർഡുകളിൽ ശുചിത്വ ദീപം തെളിക്കലും നല്ലവീട് നല്ലനഗരം പ്രതിജ്ഞയും നടന്നു. ശേഷിക്കുന്ന വാർഡുകൾ സമ്പൂർണ ശുചിത്വ വാർഡുകളാക്കി മാറ്റും എന്ന പ്രതിജ്ഞ ഇതിൽ നഗരവാസികൾ എടുത്തു. ചിങ്ങം ഒന്നിന് നഗരസഭയുടെ അഞ്ചാം വാർഡും സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളും ശുചിത്വ പ്രഖ്യാപനം നടത്തി നംവബർ ഒന്നിന് സമ്പൂർണ ശുചിത്വ നഗരസഭയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.