കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസും ചരക്കുലോറിയും ഇടിച്ച് ഒമ്പതുപേർക്ക് പരിക്ക്
text_fieldsകുന്നംകുളം: അക്കിക്കാവ് കമ്പിപ്പാലം ബസ് സ്റ്റോപ്പിനു സമീപം കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നാലു വയസ്സുകാരി ഉൾപ്പെടെ ഒമ്പതു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം.
മുംബൈയിൽനിന്ന് പാർസലുമായി കുന്നംകുളത്തേക്കു വരുകയായിരുന്ന ചരക്കുലോറി നിയന്ത്രണം നഷ്ടമായി ബസിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി പ്രസാദിനെ (45) അമല ആശുപത്രിയിലും പത്തനംതിട്ട കൃഷ്ണാലയത്തിൽ ബൈജു (49), കോഴിക്കോട് വലിയപറമ്പിൽ മുഹ്സി (36), കോട്ടയം ബിജോയ് (45), ഭാര്യ ഷീന (42), മകൾ ആഗ്നസ് (നാല്), കോട്ടയം എഡ്വിൻ (21), കോഴിക്കോട് അഖിൽ (29) എന്നിവരെ അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ലോഫ്ലോർ ബസിന്റെ വലതുവശത്തെ ചില്ല് പൂർണമായും തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.
ഗ്ലാസ് പൊട്ടി മുഖത്തും കണ്ണിനുമാണ് കൂടുതൽ പേർക്കും പരിക്കേറ്റിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ അതുവഴി വന്ന ആംബുലൻസിലും മറ്റു വാഹനങ്ങളിലുമാണ് ആശുപത്രിയിലെത്തിച്ചത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ബസിലെ മറ്റു യാത്രക്കാരെ കെ.എസ്.ആർ.ടി.സിയുടെ മറ്റു വാഹനങ്ങളിൽ കയറ്റിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.