15 കോടി, ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷം; ചോർന്നൊലിച്ച് കുന്നംകുളം ബസ് ടെർമിനൽ
text_fieldsകുന്നംകുളം: കോടികൾ ചെലവഴിച്ച് നിർമിച്ച കുന്നംകുളം ബസ് ടെർമിനൽ ചോർന്നൊലിക്കുന്നു. പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ട് ഒന്നര വർഷമാകുമ്പോഴേക്കും സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുരിതത്തിലാണ്. മഴ ശക്തമായതോടെ മിക്കഭാഗവും ചോർന്നൊലിക്കുകയാണ്. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ വഴുതിവീഴുന്നതും പതിവാണ്.
നിർമാണം പൂർത്തിയാക്കിയപ്പോൾതന്നെ പല ഇടങ്ങളിലും ചോർച്ചയുണ്ടായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി. എന്നിട്ടും ഒരു നടപടിയും കൈക്കൊള്ളാൻ അധികാരികൾ തയാറാകുന്നില്ല. 15 കോടി രൂപയോളം ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. എ.സി. മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 4.35 കോടിയും കുന്നംകുളം അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്ത 8.05 കോടിയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്നുള്ള 3.05 കോടിയും ചെലവഴിച്ചായിരുന്നു നിർമാണം.
ചെറിയ മഴയിൽപോലും ചോർന്നൊലിക്കുന്നത് നിർമാണത്തിലെ അപാകത മൂലമാണെന്നാണ് ആക്ഷേപം. ചോർന്നൊലിക്കുന്ന ഇടങ്ങളിൽ കച്ചവടക്കാർ ബക്കറ്റ് വെച്ചിരിക്കുകയാണ്. ശൗചാലയങ്ങളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകാതിരിക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ശുചിമുറിയിൽ വെള്ളം കെട്ടിയതോടെ പമ്പുപയോഗിച്ചാണ് പുറത്തേക്ക് തള്ളുന്നത്. ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാൽ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും സമീപ കച്ചവട സ്ഥാപനങ്ങളെയാണ് ശൗചാലയ ആവശ്യത്തിന് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.