കുന്നംകുളം കവർച്ച: തെളിവെടുത്തു
text_fieldsകുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ വൻ പൊലീസ് സംഘമാണ് പ്രതി കണ്ണൂർ ഇരിട്ടി ഇസ്മായിലിനെ കൊണ്ടുവന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു.
പ്രതിക്കെതിരെ ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മോഷണ കേസിൽ രണ്ട് മാസമായി മാവേലിക്കര ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ഇറങ്ങിയത്.
തുടർന്ന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ മോഷണമായിരുന്നു കുന്നംകുളത്ത് നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് പുനലൂരിൽ ഒരു വീട്ടിൽ സമാന രീതിയിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ ഒമ്പതുദിവസത്തിനകം പ്രതിയെ വലയിലാക്കാനായി.
മോഷ്ടാവ് വീടിനുള്ളിൽ കഴിഞ്ഞത് മണിക്കൂറുകളോളം
കുന്നംകുളം: കുന്നംകുളത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി സംഭവസ്ഥലത്ത് മണിക്കൂറുകളോളം ചെലവ ഴിച്ചതായി കണ്ടെത്തി. വീട്ടുടമ കാറിൽ തിരിച്ചെത്തിയ ശബ്ദം കേട്ടാണ് രക്ഷപ്പെട്ടതെന്ന് പ്രതി തെളിവെടുപ്പിനിടെ വെളിപ്പെടുത്തി.
തൃശൂർ റോഡിൽ ശാസ്ത്രിജി നഗറിൽ പ്രശാന്തി ഭവനിൽ റിട്ട പ്രഫ. രാജൻ-ദേവി എന്നിവരുടെ വീട്ടിൽ നിന്നാണ് 95 പവൻ മോഷണം പോയത്. രാജൻ ജോലിസംബന്ധമായി എത്യോപ്യയിൽ ആയിരുന്നതിനാൽ തനിച്ച് താമസിച്ചിരുന്ന ദേവി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ പത്തോടെയാണ് വീട്ടിൽനിന്ന് കാറും കൊണ്ട് പോയത്.
വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തുമ്പോൾ ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. ആ സമയം വീടിനുള്ളിൽ മോഷ്ടാവ് ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച ആഭരണങ്ങൾ സൂക്ഷിച്ച പഴ്സ്, കടലാസ്, കവറുകൾ എല്ലാം കത്തിച്ച നിലയിലായിരുന്നു.
അടുക്കളയിലെ സിങ്കിലിട്ടാണ് കത്തിച്ചത്. തെളിവുകൾ നശിപ്പിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി സമ്മതിച്ചിരുന്നു.ഗ്ലൗസ് ധരിച്ചാണ് മോഷണം നടത്തിയത്. അതും വീടിനുള്ളിൽ ഉപേക്ഷിച്ചിരുന്നു. കൂടാതെ കവർച്ച നടത്താൻ വീടിനുള്ളിൽനിന്ന് എടുത്ത പാന്റ്സാണ് ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.