കുപ്രസിദ്ധ മോഷ്ടാക്കൾ കുന്നംകുളത്ത് പിടിയിൽ
text_fieldsകുന്നംകുളം: കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ടുപേർ ബൈക്ക് മോഷണ കേസിൽ കുന്നംകുളത്ത് പിടിയിലായി. ചേലക്കര പത്തുകൂടി പുതുവീട്ടിൽ പോത്ത് റഹീം (അബ്ദുൽ റഹീം -30), എറണാകുളം ശ്രീമൂലനഗരം കൈപറ മാടവന വീട്ടിൽ സിദ്ദീഖ് (48) എന്നിവരെയാണ് കുന്നംകുളം എ.സി.പി ടി.എസ്. സിനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബൈക്ക്, മൊബൈൽ ഫോൺ, കന്നുകാലി, ടയർ, ബാറ്ററി മുതലായവ മോഷ്ടിക്കുന്ന ഇവരെ കുന്നംകുളം സ്റ്റേഷൻ പരിധിയിൽനിന്ന് ബൈക്കുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കേച്ചേരി പട്ടിക്കര സ്വദേശികളായ പുതുവീട്ടിൽ നൗഫൽ, രായംമരക്കാർ വീട്ടിൽ നബീൽ എന്നിവരുടെ ബൈക്കുകൾ മോഷ്ടിച്ച കേസിൽ പ്രതികളാണ് ഇവർ. നൗഫലിെൻറ പൾസർ ബൈക്ക് നവംബർ 19നും നബീലിെൻറ പാഷൻ പ്രൊ ബൈക്ക് നവംബർ 25നുമാണ് മോഷണം പോയത്.
പട്ടിക്കര മമ്മസ്രായില്ലത്ത് വീട്ടിൽ സലീമിെൻറ ഇരുപതിനായിരത്തോളം രൂപ വില വരുന്ന ടി.സി.എൽ കമ്പനിയുടെ മൊബൈൽ ഫോണും പട്ടിക്കര മുസ്ലിം ജുമുഅത്ത് പള്ളിയുടെ വാടക വീട്ടിൽ താമസിക്കുന്ന മുജീബ് റഹ്മാെൻറ വീട്ടിൽനിന്ന് ഇരുപതിനായിരത്തോളം രൂപ വില വരുന്ന റെഡ്മിയുടെ സ്മാർട്ട് ഫോണും റഹീം മോഷ്ടിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുറന്നുകിടക്കുന്ന ജനാലയുടെ ഇടയിലൂടെ രാത്രി സമയത്താണ് റഹീം മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത്.
പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലായി നാൽപതിലേറെ കേസുകളാണ് ഇവരുടെ പേരിലുള്ളത്. മോഷണ കേസിൽ പൊന്നാനി ജയിലിൽവെച്ചാണ് റഹീമും സിദ്ദീഖും പരിചയപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ ഇരുവരും ഒന്നിച്ചാണ് ബൈക്കുകൾ മോഷ്ടിച്ചത്. മാല മോഷണം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സിദ്ദീഖ്. മോഷ്ടിച്ച ബൈക്കുകൾ പാർക്കിങ് ഗ്രൗണ്ടിലും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും വെച്ച് പിന്നീട് ആ ഭാഗങ്ങളിൽ ബൈക്കുകൾ ഉപയോഗിച്ച് മാല പൊട്ടിക്കൽ ഉൾെപ്പടെ കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇവരുടെ രീതി.
കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഷക്കീർ ഹുസൈൻ, എ.എസ്.ഐ ഗോകുലൻ, സി.പി.ഒമാരായ ഹംദ്, അബ്ദുൽ റഷീദ്, സന്ദീപ്, സുജിത് കുമാർ, റിജിൻദാസ്, ഷജീർ, ഗഗേഷ്, രതീഷ് കുമാർ, ഷിബിൻ, സന്ദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.