ഹയ്യത്തട... ആരവത്തോടെ ഓടിയടുത്ത് തല്ലോടുതല്ല്
text_fieldsകുന്നംകുളം: തുടയിലടിച്ച് ‘ഹയ്യത്തട’യെന്ന ആരവത്തോടെ ഓടിയടുത്ത് അവർ തല്ലിത്തുടങ്ങിയത്തോടെ കുന്നംകുളത്തെ കാഴ്ചക്കാരിലും ആവേശം അലതല്ലി. ജവഹര്‍ സ്ക്വയറിൽ അരങ്ങേറിയ ഓണത്തല്ലിനാണ് ഇരുചേരികളിൽനിന്നായി 15 ജോടികൾ പോർവിളിയുമായി അങ്കം പൊരുതിയത്. ബുധനാഴ്ചയായിരുന്നു ഇക്കുറി ഓണത്തല്ലിന് സാക്ഷ്യംവഹിച്ചത്. പോപുലര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വേദി ഒരുക്കിയത്.
ചെറുതുരുത്തി താഴപ്രയില്നിന്നുള്ളവർ രണ്ടു ചേരികളിലായാണ് തല്ലിനിറങ്ങിയത്. തെക്കേ ചേരിയെ സി.എച്ച്. മൊയ്തുവും വടക്കേ ചേരിയെ കെ.കെ. വാപ്പുനുവുമാണ് നയിച്ചിരുന്നത്. വടക്കേ ചേരിയിലെ സമീറും തെക്കേ ചേരിയിലെ ഷെരീഫുമാണ് ആദ്യം അങ്കത്തിനിറങ്ങിയത്. കാഴ്ചക്കാര്‍ക്ക് നിരാശയുണ്ടാകാത്ത രീതിയിലായിരുന്നു പോരാട്ടം. ഗുരുക്കന്മാരെ തൊട്ട് വന്ദിച്ചശേഷം അങ്കത്തട്ടിലിറങ്ങിയവർ പോർവിളി മുഴക്കിയും ഹയ്യത്തടയെന്ന് ഉറക്കെ പറഞ്ഞും ചുവടുവെച്ചാണ് തല്ലിയത്.
നിയമങ്ങള്‍ ലംഘിച്ച് തല്ലുകാർ മുന്നേറിയാല്‍ ചായിക്കാരന്മാര് ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചിരുന്നത്. തറ്റുടുത്ത് അടിക്കാനിറങ്ങുമ്പോള് അടി കൊള്ളാതിരിക്കാനും ഏറെ കരുതലുകൾ ഉണ്ടായിരുന്നു. കൈപരത്തിയുള്ള അടിയല്ലാതെ മറ്റൊരുതരത്തിലുള്ള അടിയും അനുവദിച്ചിരുന്നില്ല. ചായിക്കാരന്മാരും ഗുരുക്കന്മാരും പറയുന്നത് അനുസരിക്കാതിരിക്കാന്‍ തല്ലുകളരിയിലെ കായികാഭ്യാസികള്ക്കാകില്ല. പണ്ട് കുന്നംകുളത്തുള്ളവരും തല്ലിനിറങ്ങിയിരുന്നതായി പഴമക്കാർ പറയുന്നു.
ശാരീരികമികവും പ്രായവുമെല്ലാം കണക്കാക്കിയാണ് ഓരോ ചേരിയില്‍നിന്നും അഭ്യാസികളെ തട്ടിലേക്കിറക്കിയിരുന്നത്. പുതിയ ആളുകളൊന്നും ഇതിലേക്ക് കടന്നുവരുന്നില്ലെന്നും അന്യം നില്‍ക്കാതെ ഓണത്തല്ലിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും തല്ലുകാർ പറയുന്നു. ഓണത്തല്ല് എ.സി. മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സി.കെ. രവി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. സുരേഷ്, സെക്രട്ടറി ബി.പി. കുഞ്ഞുമുഹമ്മദ്, ബഥനി സ്കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍, എം.കെ. നാരായണന് നമ്പൂതിരി, വേണുഗോപാല്‍ ഏറത്ത് എന്നിവര്‍ സംസാരിച്ചു. കുന്നംകുളം സി.ഐ യു.കെ. ഷാജഹാന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.