പിന്നിട്ടത് 22 വർഷം; പട്ടയം പടിക്കുപുറത്തുതന്നെ
text_fieldsകുന്നംകുളം: നഗരത്തിലെ പാറപ്പുറം ചേരിയിൽനിന്ന് വിവിധ വാർഡുകളിലേക്കായി മാറ്റി പാർപ്പിച്ച വീട്ടുകാർക്ക് നാളിതുവരെയായിട്ടും പട്ടയം ലഭിക്കാത്തത് ദുരിതത്തിലാക്കുന്നു. ചേരി നിർമാർജനത്തിെൻറ ഭാഗമായി ബൈജു റോഡിലെ പാറപ്പുറത്ത് താമസിച്ചിരുന്ന 33 കുടുംബങ്ങളിൽ മാറ്റി പാർപ്പിച്ച പത്ത് വീട്ടുകാർക്കാണ് 22 വർഷം പിന്നിട്ടിട്ടും പട്ടയം ലഭിക്കാത്തത്.
17 കുടുംബങ്ങളെ കക്കാട് കോടതിക്ക് സമീപം കോട്ടക്കുന്നിലേക്കാണ് മാറ്റി പാർപ്പിച്ചത്. ഇതിൽ 14 കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം പട്ടയം നൽകി. അവിടെ ശേഷിക്കുന്ന മൂന്ന് കുടുംബങ്ങളുടെ ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് അപേക്ഷ മാറ്റിവെച്ചു. അതേ കാലയളവിൽ നഗരസഭയുടെ വിവിധ വാർഡുകളിലേക്കായി മാറ്റി പാർപ്പിച്ച പത്ത് കുടുംബങ്ങളാണ് പട്ടയം ലഭിക്കാൻ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുന്നത്.
കാണിയമ്പാൽ, നെഹ്റുനഗർ, കിഴൂർ, ശാന്തിനഗർ എന്നീ വാർഡുകളിലെ നഗരസഭ പുറമ്പോക്ക് ഭൂമിയിലേക്കാണ് ഈ പത്ത് കുടുംബങ്ങളെ മാറ്റിയത്. മൂന്ന് സെൻറ് സ്ഥലവും 35,000 രൂപയുമാണ് ഓരോ കുടുംബത്തിനും നൽകിയിരുന്നത്. 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ച കോട്ടക്കുന്ന് സംസ്ഥാന സർക്കാറിെൻറ റവന്യൂ ഭൂമിയായതിനാൽ പട്ടയം നൽകാൻ സാങ്കേതിക തടസ്സം ഇല്ലാതായി.
എന്നാൽ, നഗരസഭ പുറേമ്പാക്ക് ഭൂമികൾ അനുവദിച്ചിടത്ത് താമസിക്കുന്നവർക്ക് പട്ടയം ലഭിക്കാൻ ഇനിയും ഏറെ കടമ്പകളാണ്. നഗരസഭ പുറമ്പോക്ക് ഭൂമികളെ സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം നടത്തിയെങ്കിലേ റവന്യൂ വകുപ്പിന് ഭൂമി ഏറ്റെടുക്കാനും തുടർ നടപടിക്കും കഴിയൂ.
ഈ കുടുംബങ്ങളെ മാറ്റി പാർപ്പിച്ച ശേഷം ഇടതു-വലതു മുന്നണികളായി നാല് ഭരണസമിതി നഗരസഭ ഭരിച്ചെങ്കിലും ആരുംതന്നെ ഈ കുടുംബങ്ങളുടെ ദുരിതമകറ്റാൻ മുന്നോട്ടുവന്നില്ലെന്നാണ് ആക്ഷേപം. വീട് നിർമിച്ചപ്പോൾ നൽകിയ താൽക്കാലിക നമ്പർ ഉപയോഗിച്ച് റേഷൻ കാർഡ് ലഭിച്ചെങ്കിലും ഈ വീടുകളിൽ താമസിക്കുന്നവർക്ക് മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഒരു സർക്കാർ രേഖകളും ലഭിക്കാത്ത അവസ്ഥയാണ്. വോട്ട് ബാങ്ക് മുന്നിൽക്കണ്ട് കോട്ടക്കുന്നിലുള്ളവർക്ക് പട്ടയം നൽകിയെങ്കിലും നഗരസഭയുടെ വിവിധ വാർഡുകളിൽ കഴിയുന്നവരെ സഹായിക്കാൻ ഒരു മുന്നണിയും രംഗത്തുവരുന്നില്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.