ആരവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൈകോർത്ത് നാട്
text_fieldsകുന്നംകുളം: ആറു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു നാട് ഒരുമിക്കുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച പോർക്കുളം കടാമ്പുള്ളി വീട്ടിൽ സെൽവൻ-രമ്യ ദമ്പതികളുടെ മകൻ ആരവിന്റെ തുടർചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് കുന്നംകുളത്തെ പൊതുസമൂഹം ഒന്നിച്ചത്.
ഇതിന്റെ ഭാഗമായി കുന്നംകുളത്ത് ഒത്തുചേർന്നവർ വിപുലമായ ഫണ്ട് ശേഖരണത്തിന് പദ്ധതി ആവിഷ്കരിച്ചു. ചേംബർ ഹാളിൽ ചേർന്ന യോഗത്തിൽ ബഥനി സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു,
ആദ്യത്തെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വരൂപിച്ച 26 ലക്ഷം ഇതിനോടകം ചെലവഴിച്ചിരുന്നു. ആദ്യഘട്ടത്തിൽ മാതാവ് രമ്യയുടെ മജ്ജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മാറ്റിവെച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് ഓങ്കോളജി ഡോക്ടറുടെ നിർദേശപ്രകാരം പിതാവ് സെൽവന്റെ മജ്ജ ആരവിന് മാറ്റിവെക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
ആദ്യം മജ്ജ നൽകിയ മാതാവ് രമ്യ ആശുപത്രിയിൽ വിശ്രമത്തിലാണ്. പിതാവ് കൂടി ശസ്ത്രക്രിയക്ക് വിധേയമാകുന്നതോടെ കുടുംബം മുഴുവൻ ആശുപത്രിയിൽ കഴിയേണ്ട സ്ഥിതിയാണ്. ഇനിയുള്ള മജ്ജ മാറ്റിവെക്കലിനും തുടർ ചികിത്സക്കുമായി 25 ലക്ഷം രൂപ ചെലവ് വരും.
ആരവിന്റെ ചികിത്സക്കായി കനറാബാങ്ക് കുന്നംകുളം ശാഖയിൽ സെൽവൻ കെ.എസ് എന്ന പേരിൽ ആരംഭിച്ച 110172134037 നമ്പർ അക്കൗണ്ടിലേക്ക് സഹായധനം അയക്കാം. 8136913491, 8921062856 എന്നീ നമ്പറുകളിൽ ഗൂഗിൾ പേ വഴിയും പണം അയക്കാം.
യോഗത്തിൽ ജോസഫ് ചാലിശ്ശേരി, പി.ജി. ജയപ്രകാശ്, എം. ബാലാജി, എം.വി. ഉല്ലാസ്, എം.കെ. പോൾസൺ, ബിജു സി. ബേബി, സുഭാഷ് പാക്കത്ത്, ലബീബ് ഹസ്സൻ, സി.ജി. രഘുനാഥ്, മഹേഷ് തിരുത്തിക്കാട്, ബാലചന്ദ്രൻ വടാശ്ശേരി, കെ.എ. ജ്യോതിഷ്, എം.എസ്. പോൾ, പി.ജെ. ജെബിൻ, ജ്യോതിസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.