കുന്നംകുളം ബസ് ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു
text_fieldsകുന്നംകുളം: നഗരസഭ ബസ് ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാൻ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. പടിഞ്ഞാറേ കവാടത്തിനടുത്താണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ഇതിന് പുറമെ ബസ് സ്റ്റാന്‍ഡിലും ഒന്നിലധികം പൊലീസുകാരുടെ സേവനമുണ്ടാകും. യാത്രക്കാര്‍ക്ക് എയ്ഡ് പോസ്റ്റില്‍ നേരിട്ടെത്തി പരാതി അറിയിക്കാം.
സാമൂഹിക വിരുദ്ധരുടെ ശല്യം, ലഹരി പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയുണ്ടായാല് യാത്രക്കാര്‍ക്ക് പൊലീസിനെ അറിയിക്കാനും എയ്ഡ് പോസ്റ്റില്‍ സൗകര്യമുണ്ട്. ഇത് സജ്ജമായതോടെ കുട്ടികള്‍, വിദ്യാര്‍ഥികൾ, സ്ത്രീകള്‍ എന്നിവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്, പി.കെ. ഷെബീര്‍, എ.സി.പി സി.ആര്. സന്തോഷ്, കൗണ്‍സിലര്‍മാരായ എം.വി. വിനോദ്, ടി.ബി. ബിനീഷ്, സനല്‍, നഗരസഭ സെക്രട്ടറി വി.എസ്. സന്ദീപ് കുമാര്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ദുഃഖാചരണം നിലനിൽക്കെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.