പോസ്റ്റ് ഓഫിസ് കെട്ടിടം നിലംപൊത്തി: ഒഴിവായത് വൻ ദുരന്തം
text_fieldsകുന്നംകുളം: കീഴൂർ സെൻററില്‍ വര്‍ഷങ്ങളായി പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി. പ്രവൃത്തി സമയം അല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച പുലര്‍ച്ച 4.30ഓടെയാണ് ഒരു നിലയുള്ള കെട്ടിടം പൂര്‍ണമായും നിലംപൊത്തിയത്. കിഴൂർ ശങ്കരത്ത് വളപ്പില്‍ മജീദിെൻറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കഴിഞ്ഞദിവസം രാത്രിയില്‍ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. സാധാരണ പകല്‍ സമയത്ത് നിരവധി പേര് ഉണ്ടാകുന്ന സ്ഥലമാണിത്.
22 വർഷത്തെ പഴക്കം ഈ കെട്ടിടത്തിനുണ്ട്. 15 വർഷമായി പോസ്റ്റ് ഓഫിസാണ് പ്രവർത്തിക്കുന്നത്. കുന്നംകുളം അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി. പോസ്റ്റ് ഓഫിസിലെ വിലപ്പെട്ട രേഖകള്‍ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ഏറെ നേരത്തേ പരിശ്രമഫലമായി കണ്ടെടുത്തു. വിലപ്പെട്ട രേഖകൾ ഉണ്ടായിരുന്നതിനാൽ പൊലീസ് വലിയ സുരക്ഷ ഒരുക്കിയിരുന്നു.
പോസ്റ്റ് ഓഫിസിലെ സാധന സാമഗ്രികൾ നശിച്ചു. താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന വാടകക്ക് കൊടുക്കാൻ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് ഗതാഗതവും അൽപസമയം തടസ്സപ്പെട്ടു. ശേഷിക്കുന്ന ഫയലുകളും മറ്റു രേഖകളും ചൊവ്വാഴ്ചയോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഏഴ് വർഷം മുമ്പ് ഈ കെട്ടിടത്തിെൻറ ഒരു വശത്തിന് ബലക്ഷയം നേരിട്ടിരുന്നു. പിന്നീട് കരിങ്കൽ കെട്ടി ബലപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.