ജീവനെടുത്ത് സംസ്ഥാന പാതയിലെ കുഴികൾ; പാടെ തകർന്ന് കുന്നംകുളം-പെരുമ്പിലാവ് റോഡ്
text_fieldsകുന്നംകുളം: സംസ്ഥാന പാതയിലെ കുണ്ടും കുഴിയും വില്ലനാകുമ്പോൾ അപഹരിക്കപ്പെടുന്നത് മനുഷ്യ ജീവൻ. ബൈക്ക് യാത്രികൻ പാറേമ്പാടം കൊങ്ങണൂർ വിളക്കുമാടത്തിൽ വീട്ടിൽ ശശിധരന്റെ (62) ജീവനാണ് ഒടുവിൽ പൊലിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പാറേമ്പാടം കുരിശ് പള്ളിക്കു സമീപമുച്ചുണ്ടായ അപകടത്തിലാണ് ഗൃഹനാഥൻ മരണത്തിന് കീഴടങ്ങിയത്. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
കുന്നംകുളം-തൃശൂർ റോഡിലെ മുണ്ടൂർ മുതൽ ചൂണ്ടൽ വരെ റോഡ് തകർന്ന് കിടക്കുന്നതു പോലെയാണ് കുന്നംകുളം മുതൽ പെരുമ്പിലാവ് വരെയുള്ള റോഡിന്റെയും അവസ്ഥ. എങ്ങോട്ടെടുത്താലും കുഴിയോടു കുഴിയാണ്. ഈ പ്രധാന റോഡിൽ കൂടുതൽ ഭാഗത്തും വഴിവിളക്കുകൾ പ്രകാശിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിലെ കുഴികൾ താല്കാലികമായി മൂടിയെങ്കിലും ബഹുഭൂരിപക്ഷം ഇടങ്ങളിലും കനത്ത മഴയിൽ കുഴികൾ തുറന്നു.
ഇതും അപകടങ്ങൾക്ക് വഴിവെക്കുന്നു. വലിയ വാഹനങ്ങളുടെ വെളിച്ചത്തിൽ എതിർ ദിശയിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് മുമ്പിൽ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ റോഡിലെ വലിയ കുഴികൾ പൊലും കാണാതെ അതിൽ ചാടിയാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. അധികാരികളുടെ കൺ തുറക്കാൻ ഇനി എന്ത് ചെയ്യണമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.