പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം; ആവേശക്കടലായി കുന്നംകുളം
text_fieldsകുന്നംകുളം: പൊരിവെയിലേറ്റ കടുത്ത ചൂടിലും പ്രവർത്തകരിൽ ആവേശം ഒട്ടും ചോരാതെയായിരുന്നു പ്രധാനമന്ത്രിയെ കുന്നംകുളത്തിന്റെ മണ്ണിലേക്ക് വരവേറ്റത്. നരേന്ദ്ര മോദി എത്തുന്നതിന് അഞ്ച് മണിക്കൂർ മുമ്പുതന്നെ നൂറുകണക്കിനാളുകൾ പന്തലിൽ സ്ഥാനം പിടിച്ചിരുന്നു. ബി.ജെ.പി, ബി.ഡി.ജെ.എസ് സംസ്ഥാന, ജില്ല നേതാക്കൾ വേദിയിൽ എത്തിയിരുന്നെങ്കിലും രാവിലെ പത്തോടെയാണ് എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിന് തുടക്കമായത്.
അപ്പോഴേക്കും മൈതാനം ജനസാഗരമായി. ഒരുക്കിയിരുന്ന പന്തലിന് ഇരുവശത്തുമായി പൊരിവെയിലത്തും ബി.ജെ.പി പ്രവർത്തകർ കസേരകളിലും മറ്റുമായി നിലയുറപ്പിച്ചു. പിന്നീട് വേദിയിൽ മോദി എത്തിയതോടെ എല്ലാവരും എഴുന്നേറ്റ് നിന്ന് പാർട്ടിയുടെ കടലാസ് കൊടികൾ വീശി ഹർഷാരവത്തോടെ സ്വീകരിച്ചു.
ആലത്തൂർ, പൊന്നാനി, തൃശൂർ പാർലമെൻറ് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് സമ്മേളനമായിരുന്നുവെങ്കിലും മലപ്പുറം, ചാലക്കുടി മണ്ഡലം സ്ഥാനാർഥികളും പ്രവർത്തകരും എത്തിയിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. അനുരാഗ്, ബി. രാധാകൃഷ്ൻ, സിനിമ നടൻ ദേവൻ, പത്മജ വേണുഗോപാൽ, സ്ഥാനാർഥികളായ സുരേഷ് ഗോപി, ഡോ. സരസു എന്നിവരും സംസാരിച്ചു.
മോദിയെന്ന അത്ഭുതമാണ് ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്ന് പത്മജ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി എം.പിയായിരുന്ന കാലത്ത് വയനാട്ടിൽ വന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം കാട്ടാനകൾ നഗരത്തിലേക്ക് ഇറങ്ങിയിട്ടുണ്ടെന്ന് പത്മജ വിമർശിച്ചു. വനിതകൾക്ക് കോൺഗ്രസിൽ അവസരം കൊടുക്കാറില്ല. ആദ്യ താമര തൃശൂരിൽ തന്നെ വിരിയുമെന്ന് പത്മജ പറഞ്ഞു. പ്രസംഗ മധ്യേ മന്ത്രി ഗണേഷ് കുമാറിനെ നടൻ ദേവൻ വിമർശിച്ചു.
ഗണേശൻ വായ് തുറന്നാൽ നുണയല്ലേ പറയൂവെന്ന് കൂട്ടിച്ചേർത്തു. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ സ്വാഗതവും ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ നന്ദിയും പറഞ്ഞു. അനീഷ് എയ്യാൽ, എ. നാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാനമന്ത്രിക്ക് ഉപഹാരമായി വന്ദേ ഭാരത് മാതൃക ട്രെയിൻ
കുന്നംകുളം: കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരമായി വന്ദേഭാരത് മോഡൽ ട്രെയിനും. തൃശൂരിന്റെ ഉപഹാരമായാണ് വന്ദേഭാരത് മാതൃക ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാറും സ്ഥാനാർഥി സുരേഷ് ഗോപിയും ചേർന്ന് നൽകിയത്. ബി.ജെ.പി പ്രവർത്തകൻ ഷിജിൻ ടി. സന്തോഷാണ് മാതൃക നിർമിച്ചത്.
സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വൈക്കോൽ ഉപയോഗിച്ച് നിർമിച്ച മോദിയുടെ കൂറ്റൻ ചിത്രം സമ്മാനിച്ചു. ശിൽപിയും ഗാനരചയിതാവുമായ ശ്രീകുമാർ ആമ്പല്ലൂരാണ് ചിത്രം നിർമിച്ചത്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ്, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം, എൽ.കെ. അദ്വാനി, അമിത് ഷാ എന്നീ നേതാക്കൾക്ക് നേരിട്ട് തന്റെ സൃഷ്ടികൾ ശ്രീകുമാർ സമ്മാനിച്ചിട്ടുണ്ട്.
അനീഷ് എയ്യാൽ, എ.കെ. ഓമനകുട്ടൻ ബി.ഡി.ജെ.എസ് അധ്യക്ഷൻ അതുല്യഘോഷ് എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു. അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ സുരേഷ് ഗോപി (തൃശൂർ), ഡോ. സരസു (ആലത്തൂർ), നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), ഡോ. എം. അബ്ദുൽ സലാം (മലപ്പുറം), കെ.എ. ഉണ്ണികൃഷ്ണൻ (ചാലക്കുടി) തുടങ്ങിയവർ പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു.
സന്ദർശനം കനത്ത സുരക്ഷയിൽ
കുന്നംകുളം: എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്ത് എത്തിയപ്പോൾ പൊലീസ് ഒരുക്കിയത് കനത്ത സുരക്ഷ. എ.ഡി.ജി.പി എം.കെ. അജിത് കുമാർ, തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി അജിത ബീഗം, ജില്ല പൊലീസ് മേധാവി അങ്കിത്ത് അശോകൻ, കുന്നംകുളം എ.സി.പി പി. അബ്ദുൽ ബഷീർ, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് കുന്നംകുളം നഗരത്തിലും സമീപപ്രദേശങ്ങളിലും ഒരുക്കിയത്.
നഗര കേന്ദ്രം മുതൽ സമ്മേളന നഗരിയായ ചെറുവത്തൂർ ഗ്രൗണ്ട് വരെ റോഡിന്റെ ഇരുവശത്തുമായി ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷവലയങ്ങൾ സജ്ജീകരിച്ചു. സുരക്ഷക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 3000ഓളം പൊലീസ് ഉദ്യോഗസ്ഥർ കുന്നംകുളത്ത് എത്തി. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന പൊലീസ് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം കുന്നംകുളം നഗരത്തിലൂടെ പൂർണമായും നിരോധിച്ചു.
10.45ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം വാഹന വ്യൂഹത്തോടെ കുന്നംകുളം നഗരത്തിലൂടെ കടന്ന് പട്ടാമ്പി റോഡിലെ ചെറുവത്തൂർ ഗ്രൗണ്ടിൽ എത്തി. 11.18ഓടെ അദ്ദേഹം വേദിയിലെത്തി.
സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഗ്യാസ് സിലിണ്ടർ പ്രവർത്തിപ്പിക്കരുതെന്നും ജീവനക്കാർ ഐ.ഡി കാർഡുകൾ ധരിക്കണമെന്നും പൊലീസ് കർശന നിർദേശം നൽകിയിരുന്നു. കൂടാതെ വാഹനം ഉൾപ്പെടെയുള്ളതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നഗരത്തിലേയും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. നഗരത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരുന്നു.
പ്രസംഗം തുടങ്ങിയത് മലയാളത്തിൽ
കുന്നംകുളം: എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തുടങ്ങിയത് മലയാളത്തിൽ. തടിച്ചുകൂടിയ ആയിരങ്ങൾക്ക് മുന്നിൽ കൂപ്പുകൈകളുമായി എത്തി ‘വണക്കം, വടക്കുംനാഥന്റെ മണ്ണിലേക്ക് ഒരിക്കൽ കൂടി വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’ എന്ന് പറഞ്ഞപ്പോൾ കരഘോഷമുയർന്നു.
തൃപ്രയാർ, ഗുരുവായൂർ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും തൃപ്രയാർ ക്ഷേത്രം ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്നും മോദി പറഞ്ഞു. വിഷു, പാലക്കാട്ടെ മണപ്പുള്ളിക്കാവ് ഉത്സവം, തൃശൂർ പൂരം തുടങ്ങിയവയും പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.