പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കം തകൃതി
text_fieldsകുന്നംകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കം തകൃതി. പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ മൈതാനത്ത് കൂറ്റൻ പന്തലാണ് ഒരുക്കുന്നത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാൻ തിങ്കളാഴ്ച രാവിലെ 11 നാണ് പ്രധാനമന്ത്രിയെത്തുന്നത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുക. ഇവിടെ നിന്ന് ചൂണ്ടല്‍, കാണിപ്പയ്യൂര്‍ വഴി കുന്നംകുളത്തെത്തും. രാവിലെ ഒമ്പതിന് പൊതുയോഗ പരിപാടികള്‍ ആരംഭിക്കും. എന്‍.ഡി.എ.യുടെ സംസ്ഥാന, ജില്ല നേതാക്കളും സ്ഥാനാര്‍ഥികളും പങ്കെടുക്കും. മൂന്ന് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമ്മേളനവേദിയിലെത്തുക.
പരമാവധി പേരെ പങ്കെടുപ്പിക്കുന്നതിനുള്ള തയ്യാറെപ്പുകളാണ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജും പൊതുസമ്മേളനത്തിന്റെ വേദിയും കുന്നംകുളം നഗരവുമെല്ലാം പോലീസ് നിരീക്ഷണത്തിലാകും. 1800 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച ട്രയല്‍ റണ്‍ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലെ വ്യാപാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.
സ്ഥാപനങ്ങളില്‍ പൊലീസെത്തി കടയിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കും. ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം കരുതണം. കടയില്‍ പുതിയ സ്റ്റാഫുകളെ എടുക്കുകയാണെങ്കില്‍ കുന്നംകുളം പൊലീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ട്രയല്‍ റണ്‍ സമയത്തും തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തും കടകളുടെ മുന്നില്‍ പാര്‍ക്കിങ് അനുവദിക്കില്ല. കടകളുടെ മുന്നിലെ കയറ്റിറക്ക് ഞായറാഴ്ച എട്ടുമുതല്‍ ഒന്നുവരെ പാടില്ല. തിങ്കളാഴ്ച രണ്ടിന് ശേഷമേ കയറ്റിറക്ക് അനുവദിക്കൂ. കടയില്‍ ആള്‍ക്കൂട്ടം അനുവദിക്കുകയില്ലെന്നും പൊലീസ് നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചക്ക് പടക്ക കടകളിൽ കച്ചവടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിലെ പ്രധാനമന്ത്രി കാർ മാർഗം വരുന്ന റോഡിലെ കുഴികൾ അടക്കൽ ആരംഭിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ മാറ്റി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.