മത്സ്യമാർക്കറ്റിലെ കവർച്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു
text_fieldsകുന്നംകുളം: നഗരസഭ തുറക്കുളം മത്സ്യമാര്‍ക്കറ്റില്‍ നടന്ന കവര്‍ച്ചയെ തുടർന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംയുക്ത ട്രേഡ് യൂനിയന്‍ ഓഫിസിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്റെതെന്ന് കരുതുന്ന തൊപ്പി മണം പിടിച്ച പൊലീസ് നായ ജിപ്സി സമീപത്തെ പറമ്പിലൂടെ ചാടി ബീവറേജസിന് മുമ്പില്‍ എത്തി. ഇവിടെ നിന്നും യേശുദാസ് റോഡിലേക്ക് ഓടിക്കയറി.
ഇതോടെ ബീവറേജ് റോഡ് വഴിയാണ് മോഷ്ടാവ് എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം. അന്നേ ദിവസം അവധി ആയിരുന്നതിനാൽ രാത്രി ഏഴോടെ യൂനിയന്‍ തൊഴിലാളികള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അവധിയായതിനാല്‍ മാര്‍ക്കറ്റില്‍ ആരും ഉണ്ടായിരുന്നില്ല. യൂനിയന്‍ ഓഫിസിനുള്ളില്‍ സ്ഥാപിച്ച കാമറ കവറും തുണിയും ഉപയോഗിച്ച് മറച്ച മോഷ്ടാവ് സ്ഥാപനത്തിനു മുമ്പിലെ സി.സി.ടി.വി കാമറ തകര്‍ത്ത നിലയിലാണ്. സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകയറിയത്. കൃത്യത്തിന് ഒരാൾ മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.