വസ്ത്രവ്യാപാര സ്ഥാപനത്തിലെ കവർച്ച: യു.പി സ്വദേശി പിടിയിൽ
text_fieldsകുന്നംകുളം: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറിൽ രാഹുൽ സിങ്ങിനെ (29) ആണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ മറ്റൊരു മോഷണ കേസിൽ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളം കവർച്ച വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റില്‍ പരിശോധന നടത്തിയാണ് വസ്ത്രവ്യാപാര സ്ഥാപനം മോഷണസംഘം തെരഞ്ഞെടുത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 17നാണ് പട്ടാമ്പി റോഡിലുള്ള കേരള വസ്ത്രാലയത്തിൽ മോഷണം നടന്നത്. സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ എ.സി ഡോർ തകര്‍ത്താണ് അകത്തുകടന്നത്. ഓഫിസ് മുറിയില്‍ കടന്ന് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവ ദിവസം ഞായറാഴ്ച കടതുറന്ന് പ്രവർത്തിച്ചിരുന്നു.
ബാങ്കിൽ നിക്ഷേപിക്കാൻ കഴിയാത്തതിനാൽ മേശയിൽ സൂക്ഷിച്ച പണമായിരുന്നു മോഷണംപോയത്. തൊട്ടടുത്ത കെട്ടിടത്തിലെ സ്ഥാപനത്തിലും സ്റ്റേഷനറി കടയിലും മോഷണശ്രമം നടന്നിരുന്നു. കുന്നംകുളം ഉള്‍പ്പെടെ കേരളത്തില്‍ നാല് സ്ഥലങ്ങളില്‍ സംഘം മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.