പൊലീസ് സ്റ്റേഷന് സമീപം സർക്കാർ സ്കൂളിലെ കവർച്ച; ഒടുവിൽ പ്രതിയെ വലയിലാക്കി പ്രധാനാധ്യാപിക
text_fieldsകുന്നംകുളം: പൊലീസ് സ്റ്റേഷന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന ഗവ. സ്കൂളിൽ നിന്ന് പട്ടാപ്പകൽ ഉൾപ്പെടെ പതിവായി മോഷണം നടത്തിയിരുന്ന പ്രതിയെ ഒടുവിൽ പ്രധാനാധ്യാപിക തന്നെ കണ്ടെത്തി. നിരീക്ഷണത്തിനൊടുവിൽ അധ്യാപിക കണ്ടെത്തിയ പ്രതിയെ നഗരസഭ കൗൺസിലർമാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബോയ്സ് സ്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടങ്ങളിൽ നിന്നുമായി സ്റ്റീൽ ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ചിരുന്ന കള്ളനെയാണ് ആഴ്ചകൾക്ക് ശേഷം പ്രധാനാധ്യാപിക തന്നെ വലയിലാക്കിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ വടക്കാഞ്ചേരി മുള്ളൂർക്കര പടിഞ്ഞാറേതിൽ സന്തോഷിനെയാണ് (37) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം മുമ്പ് പ്രതിയെ പിടികൂടിയെങ്കിലും അപസ്മാര രോഗം കണ്ടതോടെ പൊലീസ് നിരീക്ഷണത്തിൽ പ്രതി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാക്കി.
പട്ടാപ്പകൽ മോഷണം നടത്തിയിരുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നേരത്തെ വന്നിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു മാസത്തിലധികമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇത് പ്രദേശത്ത് വലിയ ആക്ഷേപമുയർത്തി. ഇതിനിടെ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ പ്രധാനാധ്യാപിക കുന്നംകുളം ബീവറേജ് ഷോപ്പിന് മുന്നിൽ നിൽക്കുന്ന പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് സമീപത്തെ വർക്ക് ഷോപ്പിലെ തൊഴിലാളികളോടും ഇക്കാര്യം അധ്യാപിക ധരിപ്പിച്ചു.
നിരീക്ഷണത്തിനിടെ ഇയാൾ കൈവശമുള്ള ചാക്കുമായി നടന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി. ഈ സമയത്തൊക്കെയും അധ്യാപിക ഇയാളെ പിൻതുടർന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന നഗരസഭ കൗൺസിലർമാരായ ലെബീബ് ഹസൻ, വിനു എന്നിവരോട് സംഭവം പറയുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ നിന്ന് സ്ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. പഴയന്നൂർ, ചെറുതിരുത്തി സ്റ്റേഷനുകൾ ഉൾപ്പെടെ ഇയാൾക്കെതിരെ വിവിധ മോഷണ കേസുകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.