സെപ്റ്റിക് ടാങ്ക് മാലിന്യം കാനയിലേക്ക് ഒഴുക്കുന്നു
text_fieldsകുന്നംകുളം: നഗരത്തിലെ സ്വകാര്യ വ്യാപാര സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം പൊതു കാനയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. വടക്കാഞ്ചേരി റോഡിലെ ഒറീസൺ കോംപ്ലക്സിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യമാണ് ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിച്ച് പമ്പുപയോഗിച്ച് വടക്കാഞ്ചേരി റോഡിലെ പൊതുകാനയിലേക്ക് ഒഴുക്കുന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലബാർ ജങ്ഷൻ ഹോട്ടലിനോട് ചേർന്നാണ് പത്തിലധികം സെപ്റ്റിക് ടാങ്കുകൾ സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ മുഴുവൻ മലിനജലവും ശുചിമുറി മാലിന്യവും സംഭരിക്കുന്നത് ഇവിടെയാണ്.
ഞായറാഴ്ചകളിൽ രാവിലെയാണ് ഈ ടാങ്കുകളിലെ മാലിന്യം പമ്പ് ഉപയോഗിച്ച് പൊതുകാനയിലേക്ക് തള്ളുന്നത്.
മാലിന്യം തള്ളുന്നതിനായി കോപ്ലക്സിൽ വടക്കാഞ്ചേരി റോഡിൽ സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം പൊതു കാനയിലേക്ക് തള്ളാൻ സ്ഥിരം സംവിധാനമാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രത്യേകം പ്ലംബിങ് നടത്തി കെട്ടിടത്തിന്റെ ഒരു വശത്തുകൂടെ സ്ഥാപിച്ച പൈപ്പ് ഭൂമിക്കടിയിലൂടെ കടത്തി കൊണ്ടു പോയി പൊതു കാനയിൽ അവസാനിക്കുന്ന രീതിയിലാണ്. ഞായറാഴ്ചകളിൽ സ്ഥിരമായി വടക്കാഞ്ചേരി റോഡിൽ നിന്നും രൂക്ഷ ദുർഗന്ധം അനുഭവപ്പെടുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.
വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ ഷാജി ആലിക്കൽ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.