കുന്നംകുളത്ത് എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്
text_fieldsകുന്നംകുളം: കുന്നംകുളം ബസ് ടെർമിനലിൽ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘട്ടനം. സംഘട്ടനത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകന്റെ തലക്ക് മദ്യക്കുപ്പി കൊണ്ട് അടിയേറ്റു. സംഭവത്തിൽ രണ്ട് എ.ബി.വി.പിക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കീഴൂര്‍ പോളിടെക്നിക് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ശ്രീ വിവേകാനന്ദ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലാണ് വ്യാഴാഴ്ച രാവിലെ ഏറ്റുമുട്ടിയത്.
സംഘട്ടനത്തിൽ കീഴൂര്‍ പോളിടെക്നിക് കോളജിലെ ടൂൾ ആൻഡ് ഡൈ മൂന്നാം വര്‍ഷ വിദ്യാർഥി കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷിനാണ് (21) ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റത്. വിവേകാനന്ദ കോളജിലെ എ.ബി.വി.പി പ്രവർത്തകരായ കൈപറമ്പ് സ്വദേശി ആകാശ് (20), വെള്ളിത്തിരുത്തി സ്വദേശി സൗരവ് (20) എന്നിവരെ താലൂക്ക് ആശുപത്രിയിലും തലക്കടിയേറ്റ സന്തോഷിനെ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് സ്റ്റാൻഡില്‍നിന്ന് വിദ്യാർഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. താലൂക്ക് ആശുപത്രിയിൽ എ.ബി.വി.പിക്കാർ ചികിത്സ തേടിയെത്തിയതോടെ വീണ്ടും ഇരു വിഭാഗക്കാർ തമ്മിൽ ആശുപത്രിയിൽ സംഘട്ടനമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ചിലരെ കസ്റ്റഡിയിലെടുത്തു.
പോളിടെക്നിക് കോളജിൽ പരീക്ഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസില്‍ ആദ്യം കയറിയ പോളിയിലെ വിദ്യാർഥികളെ വിവേകാനന്ദ കോളജിലെ വിദ്യാർഥികള്‍ വലിച്ചിറക്കിയത്രെ. ഇതോടെ വാക്കുതർക്കം സംഘട്ടനമായി. ഇതിനിടയിൽ ബൈക്കിലെത്തിയ വിവേകാനന്ദ കോളജിലെ സംഘം കുപ്പി കൊണ്ട് സന്തോഷിന്റെ തലക്ക് അടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.