കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ കുറവ്; വലഞ്ഞ് രോഗികൾ
text_fieldsകുന്നംകുളം: ഹൈടെക് മാതൃകയിലാക്കാൻ ലക്ഷ്യമിടുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. നിത്യേന ഒ.പിയിൽ വരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ്. ആരോഗ്യ മന്ത്രിയും മെഡിക്കൽ സംഘവും മിന്നൽ സന്ദർശനം നടത്തി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുകൾ കണ്ടെത്തിയെങ്കിലും മാസം കഴിഞ്ഞിട്ടും പരിഹാര നടപടി ഉണ്ടായിട്ടില്ല. ദിവസവും ഒ.പിയിൽ 400 ഓളം പേർ ചികിത്സ തേടുന്നുണ്ട്. കുറച്ച് ദിവസങ്ങളായി ഡ്യൂട്ടിയിൽ ഡോക്ടർമാർ വളരെ കുറവാണ്. തിങ്കളാഴ്ച എട്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്.
അത്യാഹിതം, ജനറൽ ഒ.പി, എല്ല് രോഗം, കണ്ണ്, ദന്തം, ഗൈനക്കോളജി എന്നീ വിഭാഗത്തിൽ ഓരോ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫിസിഷ്യൻ, സർജറി, സ്കിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഈ വിഭാഗങ്ങളിൽ ചികിത്സക്കെത്തിയവർ നിരാശരായി മടങ്ങി.
അത്യാഹിത വിഭാഗത്തിൽ രണ്ട് തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. പ്രസവ ചികിത്സക്ക് താലൂക്ക് ആശുപത്രിയിൽ എത്തുന്നവർ അനേകരാണ്. മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ചുമതലയിൽ ഉള്ളവർ വരുന്നില്ലെന്നാണ് മറ്റു ഡോക്ടർമാർ പറയുന്നത്.നഴ്സുമാരുടെ കുറവും ആശുപത്രി പ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.
അഞ്ച് പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടുപോലും ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടം പണിതുയർത്തി വികസനം ലക്ഷ്യമിടുന്ന താലൂക്ക് ആശുപത്രിയിൽ നിലവിലെ അസൗകര്യങ്ങൾ പോലും പരിഹരിക്കാത്തതിൽ വ്യാപക അമർഷം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.