സംസ്ഥാന സ്കൂൾ കായികമേള: കുന്നംകുളം വേദിയായേക്കും
text_fieldsകുന്നംകുളം: കായികചരിത്രത്തില്‍ കുന്നംകുളത്തിന് ഏറെ അഭിമാനിക്കാവുന്ന തരത്തിൽ സംസ്ഥാന കായികമേളക്ക് വേദിയൊരുക്കുന്നു. നവംബറില്‍ സ്കൂള്‍ കായികമേളയുടെ വേദി കുന്നംകുളം ഗവ. ബോയ്സ് സ്കൂള്‍ ഹയര്‍സെക്കന്‍ഡറി സീനിയര്‍ ഗ്രൗണ്ട് ആക്കാനാണ് പരിഗണനയിലുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ തിങ്കളാഴ്ച സീനിയര്‍ ഗ്രൗണ്ട് സന്ദർശിച്ചു.
സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ്, ത്രോയിങ് സർക്കിൾ, ഹാമർ ഗേജ്, ഗാലറി ബിൽഡിങ്, പവലിയന്, പരിശീലന ഗ്രൗണ്ട് എന്നിവയെല്ലാം ഇവര്‍ പരിശോധിച്ച് കാര്യങ്ങള്‍ വിലയിരുത്തി. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന് ഇവിടെയുള്ള സൗകര്യങ്ങള്‍ ബോധ്യപ്പെടുന്നപക്ഷം കായികമേളക്ക് കുന്നംകുളം ആതിഥ്യമരുളും. എ.സി. മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായാണ് കായിക വകുപ്പ് ഉദ്യോഗസ്ഥർ സീനിയര്‍ ഗ്രൗണ്ട് സന്ദര്‍ശിക്കാനെത്തിയത്. നഗരസഭ ചെയര്‍പേഴ്സന്റെ ചേംബറിലെത്തി ഹരീഷ് ശങ്കര്‍ ഇതുസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി.
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ. മൊയ്തീൻ, ഗവ. ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ പി.ഐ. റസിയ, പ്രധാനാധ്യാപകന് എം.കെ. സോമൻ, സ്കൂൾ കായികാധ്യാപകൻ പി.എം. ശ്രീനേഷ്, റവന്യൂ ജില്ല സ്കൂൾ സ്പോർട്സ് ഓർഗനൈസർ എ.എസ്. മിഥിൻ, ഗിറ്റ്സൻ തോമസ്, കായികാധ്യാപകരായ മുഹമ്മദ് ഹനീഫ, സിജു പി. ജോൺ, ടി. മനോജൻ, അബിൻ തോമസ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.