പ്രകാശപ്രഭയിൽ കുന്നംകുളം സിന്തറ്റിക് ട്രാക്ക്
text_fieldsകുന്നംകുളം: സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ മൈതാനത്തിലെ സിന്തറ്റിക് ട്രാക്ക് പ്രകാശപൂരിതമായി. ഞായറാഴ്ച വൈകീട്ടോടെയാണ് ലൈറ്റുകൾ പ്രകാശിപ്പിച്ചത്. ഫ്ലഡ് ലൈറ്റ് സംവിധാനമാണ് ട്രാക്കിൽ ഒരുക്കിയിട്ടുള്ളത്. 200 വാട്ടിന്റെ 280 ലൈറ്റുകളാണുള്ളത്. 10 ദിശകളിൽനിന്നാണ് ട്രാക്കിന് അഭിമുഖമായി ലൈറ്റുകൾ പ്രകാശിക്കുന്നത്.
കോട്ടക്കൽ ഒതുക്കുങ്ങൽ ഡിസ്കോ ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്ഥാപനമാണ് ട്രാക്കിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചത്. മനാഫ് മൂച്ചിക്കാടിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി, മലപ്പുറം ജില്ലയിൽ നടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളിൽ ഇവർ വെളിച്ചം നൽകിയിട്ടുണ്ട്.
നഗരത്തിൽ ഗതാഗത നിയന്ത്രണം
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് 150 പൊലീസുകാരെ നിയോഗിക്കും. നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് സേനയെ സജ്ജമാക്കിയതെന്നും കുന്നംകുളം അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷ് വ്യക്തമാക്കി. സീനിയർ ഗ്രൗണ്ട് റോഡ് ഇനിയുള്ള അഞ്ച് ദിനങ്ങളും വൺവേ സംവിധാനത്തിലാകും.
ബഥനി സ്കൂളിൽനിന്ന് ട്രാക്കിലിറങ്ങാൻ വരുന്ന താരങ്ങളെ കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിന് മാത്രമേ തൃശൂർ റോഡിൽനിന്ന് സീനിയർ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയൂ. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻസിപ്പൽ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുന്നംകുളം നഗരസഭ ഓഫിസ് വഴി വലത്തോട്ട് സഞ്ചരിച്ച് ഗുരുവായൂർ റോഡിൽ പ്രവേശിച്ച് കോഴിക്കോട്, പാലക്കാട്, ഗുരുവായൂർ, ചാവക്കാട് ഭാഗത്തേക്ക് സഞ്ചരിക്കാം.
കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പട്ടാമ്പി റോഡിലെ വൺവേ ജങ്ഷനിൽനിന്ന് ഇടത്തോട്ട് സഞ്ചരിച്ച് മാർക്കറ്റ് റോഡിലൂടെ വടക്കാഞ്ചേരി റോഡിൽ പ്രവേശിച്ച് ദ്വാരക ഗ്രൗണ്ടിൽനിന്ന് കയറ്റം കയറി സീനിയർ ഗ്രൗണ്ടിന് മുന്നിലൂടെ മുൻസിപ്പൽ ജങ്ശൻ വഴി തൃശൂർ, ഗുരുവായൂർ, ചാവക്കാട് ഭാഗത്തേക്ക് പോകണം. വടക്ക് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ (ചരക്ക്, ടോറസ് ഉൾപ്പെടെ) അക്കിക്കാവ് സിഗ്നലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരിയിലെത്തി സഞ്ചരിക്കാം.
കുന്നംകുളം ടൗണിൽ വാഹനങ്ങൾ പൂർണമായും വൺവേ സംവിധാനത്തിലൂടെയാണ് സഞ്ചാരയോഗ്യമാക്കുക. കായികോത്സവം നടക്കുന്ന സിന്തറ്റിക്ക് ട്രാക്കിനു മുൻവശം എത്താൻ വാഹനങ്ങൾക്ക് വടക്കാഞ്ചേരി റോഡിലെ ദ്വാരക ഗ്രൗണ്ടിൽനിന്ന് കയറ്റം കയറി സീനിയർ ഗ്രൗണ്ടിനു മുൻവശം എത്താവുന്നതാണ്.
കുന്നംകുളം ബോയ്സ് സ്കൂളിലെ പാർക്കിങ് ഗ്രൗണ്ടിലേക്ക് പോകുന്നവർക്കും വടക്കാഞ്ചേരി റോഡിലെ ദ്വാരക ഗ്രൗണ്ടിൽനിന്ന് കയറ്റം കയറി സീനിയർ ഗ്രൗണ്ടിന് സമീപത്തെ ബോയ്സ് സ്കൂളിന് പിൻവശത്തെ ഗേറ്റ് വഴി പ്രവേശിച്ച് പാർക്ക് ചെയ്യാവുന്നതും തിരിച്ചുപോകാൻ പോലീസ് സ്റ്റേഷനു മുൻവശത്തെ ഗേറ്റിലൂടെ പോകാവുന്നതുമാണ്. വടക്കാഞ്ചേരി റോഡ്, തൃശൂർ റോഡ്, ഗുരുവായൂർ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കുന്നതല്ല.
കൂടാതെ ക്രോസ് കൺട്രിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ 6.30 മുതൽ 7.15 വരെ വെള്ളറക്കാട് സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശം മുതൽ ദ്വാരക ഗ്രൗണ്ട് വരെ നടക്കുന്ന കുട്ടികളുടെ കൂട്ട ഓട്ടത്തിന്റെ ഭാഗമായി പ്രസ്തുത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എ.സി.പി അറിയിച്ചു.
താരങ്ങൾ വരവായി
കുന്നംകുളം: സംസ്ഥാന സ്കൂൾ മേളയിൽ മാറ്റുരക്കാൻ കായിക താരങ്ങൾ വന്നെത്തുന്നു. ഇതിനകം പാലക്കാട്, മലപ്പുറം, എറണാകുളം ജില്ല ടീമുകൾ എത്തിക്കഴിഞ്ഞു. എറണാകുളം ജില്ല ടീമിൽ ഉൾപ്പെടുന്ന എം.എ സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ ഞായറാഴ്ച എത്തിയ ശേഷം വൈകീട്ടോടെ ട്രാക്കിലെത്തി പരിശീലിച്ചു.
കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂൾ, മാതരപ്പിള്ളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ താരങ്ങളാണ് ഇവർ. മലപ്പുറം ജില്ല ടീമിലെ ഐഡിയൽ കടകശ്ശേരിയുടെ 35 താരങ്ങളും കഴിഞ്ഞ ദിവസം എത്തിയിരുന്നു. താരങ്ങൾക്ക് നഗരത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.