ജ്വല്ലറി ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളിൽ കവർച്ച ശ്രമം
text_fieldsകുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉൾപ്പെടെ മൂന്നിടത്ത് ഷട്ടർ തകർത്ത് കവർച്ചശ്രമം. കുന്നംകുളത്തെ ജ്വല്ലറിക്കു പുറമേ കടവല്ലൂർ കല്ലുംപുറത്തെ പ്ലാസ്റ്റിക് ഉൽപന്ന കടയിലും കേച്ചേരിയിലെ ഹോം അപ്ലയൻസ് സ്ഥാപനത്തിലുമാണ് കവർച്ച ശ്രമം നടത്തിയത്. കുന്നംകുളം പുളിക്കൽ രാജുവിെൻറ ഉടമസ്ഥതയിലുള്ള താഴത്തെ പാറയിലെ സ്വപ്ന ജ്വല്ലറിയിലും ചാലിശ്ശേരി സ്വദേശി രാജുവിെൻറ ഉടമസ്ഥതയിൽ കല്ലുംപുറം സെൻററിലുള്ള പോപ്പ് പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടയിലും കേച്ചേരിയിൽ വടക്കാഞ്ചേരി റോഡിലുള്ള എസ്.ഡി ഹോം അപ്ലയൻസ്, മൊബൈൽ ഗാലറി എന്നിവിടങ്ങളിലാണ് കവർച്ച ശ്രമം നടന്നത്. മഴുവഞ്ചേരി ചുള്ളിക്കാട്ടിൽ ധനീഷിെൻറ ഉടമസ്ഥതയിലാണ് കേച്ചേരിയിലെ സ്ഥാപനം.
മൂന്നിടത്തും ഷട്ടർ തിക്കി തുറന്ന നിലയിലാണ്. കല്ലുംപുറത്തെ കടയിൽനിന്ന് നാണയ ശേഖരമായി സൂക്ഷിച്ച കുറച്ചു പണമാണ് നഷ്ടപ്പെട്ടത്. കുന്നംകുളത്തെ ജ്വല്ലറിക്കുള്ളിൽ മോഷ്ടാവ് കയറിയെങ്കിലും ലോക്കറിൽ സൂക്ഷിച്ചതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കേച്ചേരിയിലെ കടയുടെ ഷട്ടർ തുറന്നെങ്കിലും ഗ്ലാസ് ഡോർ തുറക്കാൻ കഴിഞ്ഞില്ല. ഗ്ലാസ് തകർന്ന നിലയിലാണ്.
കുന്നംകുളത്തെ ജ്വല്ലറിയിൽ കയറിയ മോഷ്ടാവിെൻറ ചിത്രം സി.സി.ടി.വിയിൽ പകർന്നിട്ടുണ്ടെങ്കിലും വ്യക്തമല്ല. ഒന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് നിഗമനം. വെളുത്ത മാരുതി റിട്സ് കാറിലാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളതെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കുന്നംകുളത്തെ ജ്വല്ലറിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ കയറിയത്.
പ്രഫഷണൽ മോഷ്ടാക്കളല്ലെന്നും സമാനരീതിയിൽ ചങ്ങരംകുളത്തും രണ്ട് കടകളിൽ ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കൾ ഉപയോഗിച്ച കാർ നിരീക്ഷണ കാമറയിൽ കണ്ടെങ്കിലും നമ്പർ വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ വഴിയാത്രക്കാരാണ് ഷട്ടർ തുറന്ന നിലയിൽ ആദ്യം കണ്ടത്. വിവരമറിഞ്ഞ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു, സയൻറിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.