സ്കൂളിൽ വിദ്യാർഥിനിക്ക് തെരുവ് നായുടെ കടിയേറ്റു
text_fieldsകുന്നംകുളം: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് തെരുവ് നായുടെ കടിയേറ്റു. കുറുക്കന്‍പാറ ചീനിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകള്‍ എബിയക്കാണ് (12) സ്കൂള്‍ വളപ്പിൽനിന്നും വ്യാഴാഴ്ച രാവിലെ കടിയേറ്റത്. ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം. സഹോദരി നിബിയ, കൂട്ടുകാരി നിരഞ്ജന എന്നിവര്‍ക്കൊപ്പം വരുമ്പോഴാണ് നായുടെ ആക്രമണമുണ്ടായത്.
ഇടതു കൈത്തണ്ടയ്ക്കും വലതുകൈയിലെ വിരലുകള്‍ക്കുമാണ് പരിക്കേറ്റത്. സ്കൂൾ വളപ്പിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയാണ് കുട്ടിയെ ഓടിവന്ന് കടിച്ചത്. ഉടനെ അധ്യാപകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
ഗേള്‍സ് ഹൈസ്കൂള്‍ വളപ്പിലെ എല്‍.പി വിഭാഗം ഭാഗത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ ശല്യം സംബന്ധിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടെത്താൻ വെള്ളിയാഴ്ച സ്കൂളില്‍ അടിയന്തര യോഗം വിളിച്ചുചേർക്കുമെന്ന് അധികാരികൾ വ്യക്തമാക്കി.
സ്കൂളുകൾക്ക് ജാഗ്രത നിർദേശം
കുന്നംകുളം: ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർഥിനിക്ക് സ്കൂൾ വളപ്പിൽനിന്ന് തെരുവുനായുടെ കടിയേറ്റ സംഭവത്തെ തുടർന്ന് നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളുകൾക്കും നഗരസഭ ജാഗ്രത നിർദേശം നൽകി. സംഭവത്തെ തുടർന്ന് എ.സി. മൊയ്തീൻ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രനും ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലെത്തി. പ്രധാനാധ്യാപകൻ അബ്ദുൽ നാസറുമായി കാര്യങ്ങൾ വിലയിരുത്തി. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വൈകീട്ട് മുന്നിന് ഗവ. ഗേൾസ് സ്കൂളിൽ അടിയന്തര യോഗം ചേരും.
സ്കൂൾ പരിസരങ്ങളിൽ തെരുവുനായ് ശല്യം ഉണ്ടെങ്കിൽ അധ്യാപകർ അവ ശ്രദ്ധിക്കുകയും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന പാത്രങ്ങൾ, പരിസരങ്ങൾ എന്നിവിടങ്ങളിൽ അലക്ഷ്യമായി ഭക്ഷണം വലിച്ചെറിയരുത്. സ്കൂൾ സമയത്തിനു മുമ്പും ശേഷവും നിശ്ചിത സമയത്തു മാത്രം ഗേറ്റ് അടക്കുകയും തുറക്കുകയും ചെയ്യണമെന്നും സ്കൂളിൽ നായ്ക്കൾക്ക് തമ്പടിക്കാൻ പറ്റുന്ന ഇടങ്ങൾ ഇല്ലാതാക്കണമെന്നും സ്കൂൾ അധികൃതർക്ക് എം.എൽ.എയും ചെയർപേഴ്സനും നിർദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, ആരോഗ്യ വിഭാഗം ജെ.എച്ച്.ഐമാരായ അരുൺ വർഗീസ്, എ. ദീപ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.